കാസർഗോഡ് മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ തൻ്റെ തെരഞ്ഞെടുപ്പ് ഫണ്ട് കോൺഗ്രസിൻ്റെ ചില മണ്ഡലം പ്രസിഡൻ്റുമാർ മുക്കിയതായി രാജ് മോഹൻ ഉണ്ണിത്താൻ. ആരൊക്കെയാണ് പണം തട്ടിയതെന്ന് തനിയ്ക്കറിയാമെന്നും ആരെയും വെറുതേ വിടില്ലന്നും രാജ് മോഹൻ ഉണ്ണിത്താൻ പറയുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി താൻ നൽകിയ പണം ബൂത്തു തല പ്രവർത്തനങ്ങൾക്കു നൽകാതെ ചിലർ അടിച്ചു മാറ്റി. അവരെയൊക്കെ നോട്ടു ചെയ്തിട്ടുണ്ട് – ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡൻ്റിനും ബ്ലോക്കു പ്രസിഡൻ്റിനും യു ഡി എഫിനു മൊത്തത്തിലും ഉള്ള പൈസ താൻ നൽകിയിരുന്നു. ബൂത്തു തലത്തിൽ ചെലവഴിയ്ക്കാൻ ഏല്പിച്ച പണമാണ് ചില വിദ്വാന്മാർ അടിച്ചു മാറ്റിയത്. അവരെയൊക്കെ നന്നായി അറിയാമെന്നും ഉണ്ണിത്താൻ പറഞ്ഞു. കാസർഗോഡ് മുൻ ഡി സി സി പ്രസിഡൻ്റ് പെരിയ ഗംഗാധരൻ നായർ അനുസ്മരണ ചടങ്ങിലാണ് രാജ് മോഹൻ ഉണ്ണിത്താൻ ഇക്കാര്യങ്ങൾ തുറന്നടിച്ചത്. തന്നെ തോല്പിക്കാൻ കോൺഗ്രസുകാർ തന്നെ നന്നായി പരിശ്രമിച്ചു. ഞാനൊരു ഈശ്വര വിശ്വാസിയായതു കൊണ്ടാവും കൂടോത്രം വരെ അവർ എനിയ്ക്കെതിരെ പ്രയോഗിച്ചിട്ടുണ്ട്. തൽക്കാലം ഇത്രയേ പറയുന്നുള്ളു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും ഉണ്ണിത്താൻ അറിയിച്ചു.
