സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി ഇന്നലെ മാത്രം 301 പേർക്കെതിരെ പൊലിസ് നടപടി എടുത്തു. 245 പേർ അറസ്റ്റിലും 35 പേർ കരുതൽ തടങ്കലിലുമായി. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് അടക്കം സംസ്ഥാനത്ത് സമീപകാലത്തായി ഗുണ്ടകളുടെ ആക്രമണം വർധിച്ച സാഹചര്യത്തിലാണ് നടപടി.
സംസ്ഥാന പൊലിസ് മേധാവി ഡോ: ഷെയ്ഖ് ദർവേഷ് സാഹിബ് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഉണ്ടാകുന്ന അക്രമങ്ങളിൽ പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിയ്ക്കാനും ഡി ജി പി നിർദേശം നൽകിയിട്ടുണ്ട്.
മയക്കു മരുന്ന് വില്പന പോലുള്ള കുറ്റകൃത്യങ്ങൾക്ക് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെയും കർശന പരിശോധനയും നടപടിയുമെടുക്കും. രാത്രിയും പകലും പൊലിസ് പട്രോളിംഗ് ശക്തമാക്കും. സെൻസേഷണൽ കേസുകളിൽ കൂടുതൽ ശ്രദ്ധ നൽകാനും ഡി ജി പി നിർദേശിച്ചിരുന്നു. ഈ യോഗത്തിലെ തീരുമാന പ്രകാരമാണ് ഇപ്പോൾ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികൾ ആരംഭിച്ചത്.