ആലപ്പുഴ ജില്ലയിലെ വിവിധ ഇടങ്ങളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിൻ്റെ അടിസ്ഥാനത്തിൽ12,678 വളർത്തു പക്ഷികളെ നാളെ കൊല്ലും. തഴക്കര, ചമ്പക്കുളം, തലവടി വാർഡുകളിലെ പക്ഷികളെയാണ് കൂട്ടത്തോടെ കൊല്ലുന്നത്. പക്ഷിപ്പനി കണ്ടെത്തിയ സ്ഥലത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് നാളെ കൊല്ലുന്നത്.
പത്തനംതിട്ട ജില്ലയിലെ നിരണത്തെ സർക്കാർ വക താറാവു വളർത്തൽ കേന്ദ്രത്തിലും നേരത്തേ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനു പിന്നാലെ വീണ്ടും ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചതായാണ് വിവരം. കൂടാതെ ആലപ്പുഴ – പത്തനംതിട്ട ജില്ലാ അതിർത്തിയായ നിരണം പഞ്ചായത്തിലും പതിനായിരത്തിനു പുറത്തു താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വിവരം ലഭിച്ചു.
ഈ മേഖലകളിലെ വിവിധയിടങ്ങളിൽ പക്ഷിപ്പനി ബാധ കണ്ടുതുടങ്ങിയിട്ടുണ്ട്. ഒരു താറാവ് കർഷകൻ്റെ പക്ഷികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് രക്ത സാമ്പിൾ ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചു പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച തലവടിയിൽ 4,074 പക്ഷികളെയും തഴക്കരയിൽ 8,304 , ചമ്പക്കുളത്ത് 300 പക്ഷികളെയുമായാണ് നാളെ മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ കൊല്ലുന്നത്.
