തിരുവനന്തപുരം തൈക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കം വരും. ഇന്നലെ വൈകിട്ടോടെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന് സെന്ററില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് അകത്തുനിന്ന് പൂട്ടിയിരുന്ന വാതില്‍ തകര്‍ത്താണ് അകത്തു പ്രവേശിച്ചത്. ശാരീരിക അവശതകളുള്ള ആളായിരുന്നു മരിച്ച ഷീല.
അന്‍പത്തഞ്ച് വയസോളം പ്രായം വരും. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ സ്ഥാപനം നടത്തി വരികയായിരുന്നു. ഏതാനും നാളുകളായി ഇവരെ പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.
