മാതാപിതാക്കൾ കാറിൽവച്ച് മറന്ന മൂന്നുവയസ്സുകാരി മരിച്ചനിലയിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പ്രദീപ് നഗറിന്റെ മകൾ ഗോർവിക നഗർ ആണ് മരിച്ചത്. രണ്ടു പെൺമക്കൾക്കുമൊപ്പം വിവാഹം കൂടാൻ പോയതാണ് ദമ്പതികൾ.
സ്ഥലത്തെത്തിയപ്പോൾ ഭാര്യയും മൂത്ത മകളും കാറിൽനിന്നു പുറത്തിറങ്ങി. പ്രദീപ് പിന്നീട് വാഹനം പാർക്ക് ചെയ്യാനായി പോയി. മക്കൾ രണ്ടുപേരും ഭാര്യയ്ക്കൊപ്പമുണ്ടെന്നു കരുതി ഇയാൾ കാർ ലോക്ക് ചെയ്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി. രണ്ടുമണിക്കൂറിനുശേഷമാണ് ഇളയകുട്ടി ഒപ്പമില്ലെന്ന് അവർ തിരിച്ചറിഞ്ഞത്.
തുടർന്ന് കാറിലെത്തിനോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.