ഗ്രാമീണത നിറഞ്ഞ ശീലുകളും വായനാ സുഖമുള്ള ചൊൽ കവിതകളുടെ ഉടയോനുമായിരുന്നു, നാട്ടുമുല്ലയുടെ സുഗന്ധവും വെൺമയുടെ വിശുദ്ധിയും പുലർത്തിയ കവിതകളിലൂടെയും പാട്ടുകളിലൂടെയും മലയാളത്തിന്റെ ഹൃദയം കവർന്ന മുല്ലനേഴി.
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ…..” കലാലയങ്ങളിൽ പുതു തലമുറ ഇപ്പോഴും ഏറ്റുപാടുന്ന ഈ മനോഹര ഗാനവും പഴയ തലമുറയുടെ പാട്ടായ
കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്, തുറക്കൂ മിഴിതുറക്കൂ,പകലിന്റെ വിരിമാറിൽ, മാനത്തു താരങ്ങൾ, മനസ്സൊരു മാന്ത്രികക്കുതിരയായ്, ദേവാംഗനേ നീയീ , സ്മൃതികൾ നിഴലുകൾ, കറുത്ത രാവിന്റെ,അമ്മയും നന്മയുമൊന്നാണ്, ആതിര തിരുമുറ്റത്ത്, ആകാശനീലിമ മിഴികളിലെഴുതും, പ്രകാശ വർഷങ്ങൾക്കകലെ, ഗണപതിയും ശിവനും വാണീദേവിയും ഇന്നും ഹിറ്റുകൾ തന്നെ.

യേശുദാസിൻ്റെ തരംഗിണിയുടെ ഗ്രാമീണഗാനങ്ങളായ
പുഞ്ചവയൽ ചെറയുറക്കണ ,കെയക്കെ മാനത്തെ മല മേലെ ,പാണ്ഡ്യാലക്കടവും വിട്ട്, തിരുതകൃതി തിരുമുറ്റ,
തെക്ക്ന്ന് വന്നാലും വടക്ക്ന്ന് വന്നാലും തുടങ്ങി നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ മുല്ലനേഴി എന്ന നീലകണ്ഠൻ നമ്പൂതിരി. 1985 ൽ പ്രദർശനത്തിനെത്തിയ എം ടി – ഹരിഹരൻ ചിത്രമായ വെള്ളം എന്ന ചിത്രത്തിലെ കോടനാടൻ മലയില് മാണിക്ക്യചെമ്പഴുക്ക ,സൗരയൂഥ പദത്തിലെങ്ങോ എന്നീ ഗാനങ്ങളും സ്വർഗ്ഗ സങ്കല്പത്തിൻ, കണ്ണാടിക്കൂട്ടിലെ സ്വപ്നങ്ങൾ, സന്മനസ്സുള്ളവർക്ക്
സമാധാനം എന്ന ചിത്രത്തിലെ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം..പോലെയുള്ള ഒരു കാലത്തിലെ തലമുറ കേട്ടതും ഏറ്റു ചൊല്ലിയതുമായ അറുപതിൽ അധികം മലയാള സിനിമകൾക്ക് ഗാനങ്ങൾ രചിച്ചു. അദ്ധ്യാപകൻ, നടൻ, കവി, ഗാനരചയിതാവ്, സാക്ഷരതാ പ്രവർത്തകൻ എന്നീ നിലകളിലും പ്രസിദ്ധനായ മുല്ലനേഴി 1948 മേയ് 16 ന് ആവണിശ്ശേരി മുല്ലനേഴി
മനയിൽ നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു.
രാമവർമ്മപുരം സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. 1980 മുതൽ 83 വരെ കേരള സംഗീത നാടക അക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു. പന്ത്രണ്ടോളം കൃതികൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.
1976 ല്‍ ലക്ഷ്മി വിജയം എന്ന ചിത്രത്തിന് വേണ്ടി
രാവുറങ്ങി താഴെ, പകലിന്റെ വിരിമാറിൽ… തുടങ്ങിയ ഗാനങ്ങളിലൂടെ സിനിമയിൽ തുടക്കം കുറിച്ചു. ഇന്ത്യന്‍ റുപ്പിയാണ് അവസാന ചിത്രം. ഏകദേശം 69 ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബങ്ങൾക്കും രചന നിർവഹിച്ച മുല്ലനേഴി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചു. ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ
കറുകറുത്തൊരു പെണ്ണാണ്…..എന്ന ഗാനത്തോടെയാണ് ഏറെ പ്രസിദ്ധനായത്. കവിതാ രചനയോടൊപ്പം 1970 ൽ ചലച്ചിത്ര സംവിധായകൻ പി എം അബ്ദുൽ അസീസ് രചിച്ച
ചാവേർപ്പട എന്ന നാടകത്തിൽ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്കും കടന്നുവന്നു. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്, ചാവേര്‍പട എന്നീ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. അയനം, ഭൂമിഗീതം, കുലം, തട്ടകം, നെയ്ത്തുകാരൻ, ഉപ്പ്, പിറവി, കഴകം, നീലത്താമര, കഥ പറയുമ്പോൾ, സൂഫി പറഞ്ഞ കഥ, കഥ തുടരുന്നു, സ്നേഹവീട് എന്നീ സിനിമകളിലും മുല്ലനേഴി അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ ലാൽ ജോസ് ഓർക്കുന്നത് അദ്ദേഹത്തിന്റെ ചിത്രമായ നീലത്താമരയോടു അനുബന്ധിച്ചാണ്. നരച്ച താടിയുള്ള ഒരു മുഖമായിരുന്നു ആൽത്തറയിലെ ആശാൻ എന്ന കഥാപാത്രത്തിനു വേണ്ടിയിരുന്നത്. അറിയുന്ന താടിക്കാരായ പല നടന്‍മാരുടേയും പേരുകള്‍ ലാൽ ജോസ് തിരക്കഥാകൃത്തായ എം ടിയോട് പറഞ്ഞു കൊടുത്തു. എന്നാൽ ആരെയും ഇഷ്ടപ്പെടാത്ത എം ടി ഏറ്റവും അവസാനം സ്വയം അഭിപ്രായപ്പെട്ട പേരാണ് മുല്ലനേഴി. ആ കാസ്റ്റിംഗ് ഏറ്റവും അനുയോജ്യവുമായി എന്ന് ലാൽ ജോസ് തന്റെ ബ്ലോഗിൽ എഴുതിയിട്ടുണ്ട്.
മുല്ലനേഴിയ്ക്ക് ഏറെയിഷ്ടപ്പെട്ട രണ്ടു വാക്കുകളാണ് അമ്മയും നൻമയും. നൻമപ്പൂവ് എന്നു പേരിട്ടെഴുതിയ അവസാന നാലുവരിയിലും ഈ രണ്ടു വാക്കുകൾ ഓർമിച്ചെടുത്ത മുല്ലനേഴി അമ്മയും നൻമയും ഒന്നാണെന്നു പറയാൻ ഒരു പാട്ടു തന്നെ എഴുതി.
അമ്മയും നന്മയും ഒന്നാണ്
ഞങ്ങളും നിങ്ങളും ഒന്നാണ്
അറ്റമില്ലാത്തൊരീ ജീവിത
പാതയിൽ ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല
ആരും ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല….
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ സത്യൻ അന്തിക്കാട് ഈ പാട്ട് ഉൾപ്പെടുത്തി അമ്മയുടെ സ്നേഹവും നൻമയുടെ സന്ദേശവും എത്തിച്ചു.
കേരളചരിത്രത്തിലെ സുവർണ അധ്യായമാണ് സാക്ഷരതാ പ്രസ്ഥാനം. മലയാളികൾ ഒറ്റക്കെട്ടായി നെഞ്ചേറ്റിയ ജനകീയ മുന്നേറ്റം. സാക്ഷരതയെ ജനകീയമാക്കുന്നതിൽ മുല്ലനേഴിയുടെ പാട്ടുകൾക്കും ഒരു വലിയ പങ്കുണ്ട്.
പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ,
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ….
ഒരു നാടകത്തിനുവേണ്ടി മുല്ലനേഴി എഴുതിയ വരികൾ പിന്നീടു സാക്ഷരതാ പ്രവർത്തകർ തെരുവുകളെ ഉണർത്താൻവേണ്ടി അവതരിപ്പിച്ച കലാജാഥകളിൽ ഉൾപ്പെടുത്തി. എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ എല്ലാം നിങ്ങൾ പഠിക്കേണം തയ്യാറാകണമിപ്പോൾതന്നെ ആജ്ഞാശക്തിയായ് മാറീടാൻ …എന്ന വരികൾ അക്ഷരം പഠിക്കാൻ അവസരമില്ലാതെപോയ ആയിരങ്ങളെ അറിവിന്റെ പുതിയ പ്രഭാതത്തിലേക്കു കൈപിടിച്ചു നടത്തി.
കേരളം സമ്പൂർണ സാക്ഷരത നേടിയ വിജയം പ്രഖ്യാപിച്ച വേദിയിലും മുല്ലനേഴി ഉണ്ടായിരുന്നു. അന്നും അദ്ദേഹം പാടിയത് അക്ഷരപ്പാട്ടാണ്. അക്ഷരം തൊട്ടുതുടങ്ങാം നമുക്കിനി ആകാശം വീണ്ടുകിട്ടാൻ ഇന്നലെയോളം കണ്ട കിനാവുകൾ ഈ ജൻമം തന്നെ നേടാൻ.
നാറാണത്ത് പ്രാന്തന്‍, രാപ്പാട്ട്, ഹൃദയം പുഷ്പിക്കുന്ന ഋതു, കവിത, സമതലം, മോഹപ്പക്ഷി, സ്‌നേഹപ്പൂങ്കാറ്റ്, പ്രാര്‍ഥനാ ഗീതങ്ങള്‍, കനിവിന്റെ പാട്ട്, ആനവാല്‍ മോതിരം, അക്ഷരദീപം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1977-ല്‍ പെണ്‍കൊട എന്ന ഖണ്ഡകാവ്യത്തിന് ഉള്ളൂര്‍ കവിമുദ്ര , 1989-ല്‍ നാറാണത്ത് പ്രാന്തന്‍ എന്ന കൃതിക്ക് പ്രഥമ നാലപ്പാടന്‍ അവാര്‍ഡ്,1995-ല്‍ സമതലം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2010-ല്‍ കവിത എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍ വി കൃഷ്ണവാര്യര്‍ അവാര്‍ഡ്, എസ് ബി ടി അവാര്‍ഡ്, കെ ബി മേനോന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2011 ഒക്ടോബര്‍ 22 ന് അന്തരിച്ചു.