കോട്ടയം സ്വദേശികളായ മൂന്നു പേരെ തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളാണിവർ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജോർജ് സ്കറിയ (61), ഭാര്യ മെഴ്സി(58) , ഇവരുടെ മകൻ അഖിൽ (30) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കമ്പം മേട് റോഡിനു വശത്തായുള്ള ഒരു തോട്ടത്തിനുള്ളിൽ ഹ്യൂണ്ടായ് ഗ്രാൻ്റ് i10 കാറിനുള്ളിലാണ് (KL-05 AU 9192) മൃതദേഹങ്ങൾ കണ്ടത്.
ആത്മഹത്യയാകാം ഇതെന്ന് തമിഴ്നാട് പൊലിസ് പറയുന്നു. സാമ്പത്തിക ബാധ്യതയാകാം പിന്നിലെന്ന് കോട്ടയത്തുള്ള അയൽവാസികളും പറയുന്നുണ്ട്. കാറിനുള്ളിൽ നിന്ന് കീടനാശിനിയുടെ പൊട്ടിച്ച ഒരു കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പൊലിസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ.