ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതൽ

At Malayalam
2 Min Read

ഒരു എം വി ഐ യ്ക്ക് ദിവസം 40 ടെസ്റ്റുകൾ

സംസ്ഥാനത്ത് ഇന്നു മുതൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ആരംഭിക്കും. ഒരു വെഹിക്കിൾ ഇൻസ്പെക്ടറുടെ കീഴിൽ 40 ടെസ്റ്റുകളാവും നടത്തുക. നേരത്തേ ഒരു മോട്ടോർ വെഹിക്കിൾ ഓഫിസിനു കീഴിൽ 40 ടെസ്റ്റ് എന്നായിരുന്നു തീരുമാനം. ഇത്തരം ആവശ്യങ്ങൾ ഉൾപ്പെടെ മുൻ നിർത്തി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്നിരുന്ന സമരം മന്ത്രി കെ ബി ഗണേഷ്കുമാറുമായി നടത്തിയ ചർച്ചയിൽ ഒത്തു തീർപ്പായതോടെയാണ് ടെസ്റ്റുകൾ വീണ്ടും തുടങ്ങുന്നത്.

ലൈസൻസിന് അപേക്ഷിച്ചു ടെസ്റ്റിനായി കാത്തു നിൽക്കുന്നവർ വളരെ ഏറെ ഉള്ള സാഹചര്യത്തിൽ എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ ടെസ്റ്റ് ചുമതലകൾക്കായി നിയോഗിക്കും. രണ്ട് വെഹിക്കിൾ ഇൻസ്പെക്ടർമാർ ഉള്ള ഓഫിസുകളിൽ 80 ടെസ്റ്റുകൾ ദിനംപ്രതി നടത്തും. ടെസ്റ്റിൻ്റെ ആവശ്യങ്ങൾക്കായി, സർക്കാർ ആധുനിക സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ എത്തിയ്ക്കുന്നതു വരെ ക്ലച്ചും ബ്രേക്കുമുള്ള സാധാരണ വാഹനങ്ങൾ ഉപയോഗിച്ച് ടെസ്റ്റുകൾ നടത്തും. കൂടാതെ ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ മുൻഭാഗം, അകവശം എന്നിവ വ്യക്തമായി ഷൂട്ടു ചെയ്യാൻ കഴിയുന്ന ക്യാമറകളും വകുപ്പ് സ്ഥാപിക്കുകയും. ഇങ്ങനെ ഷൂട്ടു ചെയ്യുന്ന വിഷ്വലുകൾ മൂന്നു മാസം വരെ സൂക്ഷിയ്ക്കുകയും ചെയ്യും.

കാലു കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങളാകും ഇനി മുതൽ ഇരുചക്ര വാഹന ലൈസൻസിനുള്ള ടെസ്റ്റിനുപയോഗിക്കുക. 18 കൊല്ലം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാനും കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു. കൂടാതെ ഡ്രൈവിംഗ് സ്കൂളുകളുടെ ഫീസിൻ്റെ ഏകീകരണവുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു സമിതിയേയും നിയോഗിക്കും. ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ട് നിർബന്ധമായും അഞ്ചു കൊല്ലമെങ്കിലും റോഡിൽ വാഹനം ഓടിച്ചിട്ടുള്ളവരായിരിക്കണം. ആദ്യം ഗ്രൗണ്ടിലെ ടെസ്റ്റും ശേഷം റോഡിലെ ടെസ്റ്റുമാകും നടത്തുക.

കെ എസ് ആർ ടി സി 10 ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങുന്നതു സംബന്ധിച്ച് നേരത്തേ തന്നെ അറിയിച്ചിരുന്നു. കൂടാതെ 21 ഇടങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റും നടത്തും. പുതിയ പരിഷ്ക്കാരങ്ങൾ മേഖലയിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുമെന്നും എല്ലാവരും വകുപ്പുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു

- Advertisement -
Share This Article
Leave a comment