മിൽമ ജീവനക്കാരുടെ ഇന്നലെ തുടങ്ങിയ സമരം ഇന്നലെ തന്നെ ഒത്തു തീർപ്പായി. തുടർന്ന് രാത്രി 12 നുള്ള ഷിഫ്റ്റിൽ ജീവനക്കാർ ജോലിയ്ക്കു കയറുകയും ചെയ്തു. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും സമരം ചെയ്ത ജീവനക്കാർക്കെതിരെ ചാർജ് ചെയ്ത കേസുകൾ പിൻവലിക്കുമെന്നും ജീവനക്കാർക്ക് ഉറപ്പു നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിച്ചത്.
മിൽമയുടെ തിരുവനന്തപുരം മേഖലാ ചെയർമാൻ്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തു തീർപ്പായത്. ഇതേ തുടർന്ന് പത്തനംതിട്ട, കൊല്ലം മേഖലകളിലെയും സമരം പിൻവലിച്ചു. തിരുവനന്തപുരത്തെ അമ്പലത്തറ, കൊല്ലം, പത്തനംതിട്ട പ്ലാൻ്റുകളിലുമാണ് സമരം തുടങ്ങിയിരുന്നത്. മൂന്നു ജില്ലകളിലേയും പാൽ വിതരണം തടസപ്പെടുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് ചർച്ചയും പിന്നാലെ സമരം പിൻവലിയ്ക്കലുമുണ്ടായത്.
