ഓർമയിലെ ഇന്ന്, മെയ് 14 – തരുണി സച്ദേവ്

At Malayalam
2 Min Read

മിന്നിപ്പൊലിഞ്ഞു പോയ വെള്ളിനക്ഷത്രം തരുണി സച്ച്ദേവിന്റെ 12-ാം ചരമവാർഷികമാണിന്ന്.

കുക്കുരു കുക്കു കുറുക്കൻ കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി മുന്തിരികണ്ടു കൊതിച്ച്
നാക്കിലു വെള്ളം കുതിച്ചു കൊമ്പത്തു നോക്കി നിന്നൂ ….. വെള്ളി നക്ഷത്രം സിനിമയിലെ ഈ ഗാനവും അതിലെ കൊച്ചുമിടുക്കിയും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുസൃതിച്ചിരിയും കൊഞ്ചലുമായി പ്രേക്ഷകരുടെ മനം കവർന്ന തരുണി സച്ദേവ് ഇന്നും ഒരു നോവോർമ്മയാണ്.

സിനിമകളിലും പരസ്യ ചിത്രങ്ങളിലും ബാലതാരമായി തിളങ്ങി, വെറും 14 വയസ്സു മാത്രമുള്ളപ്പോൾ പ്രക്ഷകരുടെ ശ്രദ്ധ നേടുകയും 2012 മേയ് 14-ന് നേപ്പാളിൽ നടന്ന ഒരു വിമാനപകടത്തിൽ ഈ ലോകത്തു നിന്നും പെട്ടന്ന് വിട പറയേണ്ടിയും വന്ന കുഞ്ഞു താരം.

ഋത്വിക് റോഷന്റെ കൂടെ കോയി മിൽഗയ,
പ്രിഥ്വിരാജിന്റെ സത്യം, വെള്ളിനക്ഷത്രം
അമിതാഭ് ബച്ചന്റെ കൂടെ പാ
തുടങ്ങിയ സിനിമകളിലൂടെ മിന്നിപ്പൊലിഞ്ഞു പോയ ഒരു വെള്ളിനക്ഷത്രമായിരുന്നു തരുണി സച്ദേവ്. വെള്ളിനക്ഷത്രം എന്ന വിനയൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ബാലതാരമായിരുന്നു അവൾ. പിന്നീട് വിനയന്റെ തന്നെ സത്യം എന്ന ചിത്രത്തിൽ വേഷമിട്ടു. 2009 ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ നായകനായ പാ, തമിഴിലെ വെട്രി സെൽവൻ എന്നീ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും പരസ്യ ചിത്രങ്ങളിലും തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു തരുണിയുടെ അപ്രതീക്ഷിത വിയോഗം.

- Advertisement -

തന്റെ 14-ാം പിറന്നാൾ ദിനത്തിൽ അമ്മയ്ക്കൊപ്പം നേപ്പാളിലെ പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം. ജോംസോമിന് സമീപം വിമാനം തകർന്ന് വീഴുകയായിരുന്നു. മൂന്നുജോലിക്കാരും 16 ഇന്ത്യൻ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാറയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തിൽ കൊല്ലപ്പെട്ടു. വളരെ ചെറുപ്പത്തിൽ തന്നെ സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ച തരുണി 1998 മെയ് 14 ന് മുംബൈയിലെ വ്യവസായി ഹരേഷ് സച്ദേവിന്റെയും ഗീത സച്ദേവിന്റെയും മകളായി ജനിച്ചു . 9-ാം ക്ലാസ് വരെ പഠിച്ചത് ബായ് അവബായ് ഫ്രാംജി പെറ്റിറ്റ് ഗേൾസ് ഹൈസ്കൂളിലാണ്. 2009-ൽ ആർ ബാൽക്കിയുടെ പാ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ സഹപാഠിയായ സോമിയായി അഭിനയിച്ചു. അഭിനയത്തിന് പുറമേ, കോൾഗേറ്റ്, ഐ സി ഐ സി ഐ ബാങ്ക് , പാരച്യൂട്ട്, സഫോള ഓയിൽ, കേസർ ബദാം മിൽക്ക് തുടങ്ങിയ ടെലിവിഷൻ പരസ്യങ്ങൾ ഉൾപ്പെടെ അമ്പതിലധികം പരസ്യങ്ങളിലും തരുണി പ്രത്യക്ഷപ്പെട്ടു. നടി കരിഷ്മ കപൂറിനൊപ്പം രസ്ന പരസ്യങ്ങൾ ചെയ്തതതോടെ “രസ്ന ഗേൾ” എന്ന വിളിപ്പേരും ലഭിച്ചു. ടെലിവിഷൻ ഗെയിം ഷോയായ ക്യാ ആപ് പാഞ്ച്വി പാസ് സേ തേസ് ഹേയിലും പ്രത്യക്ഷപ്പെട്ടു.

നേപ്പാൾ യാത്രയ്ക്കായി പുറപ്പെടുന്നതിനു മുമ്പ്, തരുണി തന്റെ എല്ലാ സുഹൃത്തുക്കളെയും കെട്ടിപ്പിടിച്ച് അവരോട് യാത്ര പറഞ്ഞിരുന്നു.
‘ഞാൻ നിങ്ങളെ അവസാനമായി കാണുകയാണ് എന്നും കൂട്ടുകാരോട് പറഞ്ഞിരുന്നുവത്രേ. കുസൃതി നിറഞ്ഞ അമ്മുക്കുട്ടിയായും ചിന്നുക്കുട്ടിയായും പ്രേഷകരുടെ കൊച്ചുസുന്ദരിയായി തിളങ്ങിയ തരുണി മരിച്ചെന്ന് ഇന്നും മലയാളികൾക്കുൾപ്പെടെ പലർക്കും അറിയില്ല എന്നതാണ് മറ്റൊരു സത്യം. കുസൃതിച്ചിരിയും കൊഞ്ചലുമായി പ്രേക്ഷകരുടെ മനസ്സിൽ കടന്നുകൂടിയ തരുണി സച്ദേവ് ഇന്നും ഏവർക്കും ഒരു നോവോർമ്മയാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment