ഓർമയിലെ ഇന്ന്, മെയ് 14 – ഗുരു നിത്യചൈതന്യ യതി

At Malayalam
2 Min Read

പാശ്ചാത്യ – പൗരസ്ത്യ തത്വ ചിന്തകളെ സമന്വയിപ്പിച്ച, അദ്വൈത വേദാന്ത ദർശനത്തിലും ഭാരതീയ തത്വശാസ്ത്രത്തിലും ശ്രീനാരായണ ദർശനങ്ങളിലും പണ്ഡിതനുമായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യചൈതന്യ യതി. ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയിൽ നടരാജഗുരുവിനു ശേഷം മൂന്നാമൻ ആയിരുന്നു യതി.

ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവൻ കൂടിയായിരുന്നു അദ്ദേഹം. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതര മതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, ആധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു അദ്ദേഹം.

പത്തനംതിട്ട ജില്ലയിലെ വാകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1923 നവംബർ 2 ന് കവിയും അദ്ധ്യാപകനുമായിരുന്ന രാഘവ പണിക്കരുടെയും
വാമാക്ഷി അമ്മയുടെയും മകനായി ജനിച്ചു. മൂലൂർ എസ് പത്മനാഭ പണിക്കർ അമ്മാവനായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വീടുവിട്ട് ഭാരതം മുഴുവൻ അലഞ്ഞു തിരിഞ്ഞു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ നിരവധി വ്യക്തികളുമായും അടുത്ത് ഇടപഴകാൻ അദ്ദേഹത്തിനു കഴിഞ്ഞു. സൂഫി ഫക്കീറുമാർ, ജൈന സന്ന്യാസികൾ, ബുദ്ധമത സന്യാസിമാർ തുടങ്ങി ഏറെപ്പേരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രമണ മഹർഷിയിൽ നിന്ന് നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു. കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം 1947-ൽ ആലുവ യു സി കോളജിൽ തത്ത്വശാസ്ത്ര പഠനത്തിനായി ചേർന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടർന്നു. പഠനത്തിനു ശേഷം കൊല്ലം ശ്രീനാരായണ കോളേജ്, ചെന്നൈ വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഈ കാലയളവിൽ വേദാന്തം, സാംഖ്യം, യോഗ വിദ്യ, മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവയും പഠിച്ചു.1951-ൽ ‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും ശിഷ്യരെ സ്വന്തം കർമമാർഗ്ഗം (സ്വധർമ്മം) തെരഞ്ഞെടുക്കുവാൻ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകൾ വരെയും വ്യാപൃതനായിരുന്നു. ഭഗവദ്ഗീത, മഹർഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാർത്ഥന, ബൃഹദാരണ്യകോപനിഷദ്, ഏകലോകാനുഭവം, പ്രേമവും അർപ്പണവും, ഇതോ അതോ അല്ല ഓം, നാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങൾ, ദർശനമാലയുടെ മനശാസ്ത്രം, അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം, ആത്മോപദേശ ശതകത്തിന് ഒരു അടിക്കുറിപ്പ്, പ്രേമവും അനുഗ്രഹങ്ങളും, ഭാരതീയ മന:ശാസ്ത്രത്തിന് ഒരു ആമുഖം, ഭാരതീയ മന:ശാസ്ത്രം, യതിചരിതം, ആത്മകഥ, സ്നേഹസംവാദം, മരണം എന്ന വാതിലിനപ്പുറം, വിശുദ്ധ ഖുർ ആൻ, ഹൃദയാഞ്ജലി, ലാവണ്യനുഭവവും സൗന്ദര്യനുഭൂതിയും എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങൾ.

- Advertisement -

തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങൾ എന്നിവയെ കുറിച്ച് മലയാളത്തിൽ 120 പുസ്തകങ്ങളും ഇംഗ്ലീഷിൽ 80 പുസ്തകങ്ങളും രചിച്ചു. നളിനി എന്ന കാവ്യശില്പം എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ സ്ഥാപിച്ച “ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യ”യുടെ ചെയർപേഴ്‌സണായും ലോക പൗരന്മാ‍രുടെ ലോക ഗവർൺമെന്റ് എന്ന സംഘടനയുടെ മേൽനോട്ടക്കാരനായും പ്രവർത്തിച്ചു. 1999 മേയ് 14 ന് ഊട്ടിയിൽ വച്ച് ദേഹം വെടിഞ്ഞു. ഭൗതികശരീരം ഊട്ടിയിൽ തന്നെ സമാധിയിരുത്തി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment