സംസ്ഥാനത്ത് ഉടൻ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിൽ ആവശ്യമുന്നയിക്കാൻ സി പി ഐയും കേരള കോൺഗ്രസ്(എം) ഉം തീരുമാനിച്ചതായി വിവരം. കേരളത്തിൽ നിന്നുള്ള ബിനോയ് വിശ്വം, എളമരം കരിം , ജോസ് കെ മാണി എന്നിവരുടെ കാലാവധിയാണ് ഉടൻ അവസാനിയ്ക്കുന്നത്. ഒഴിവു വരുന്ന ഒരു സീറ്റ് സി പി എം ൻ്റേതാണ്. മറ്റൊന്നാകട്ടെ പ്രതിപക്ഷത്തിന് അവകാശപ്പെട്ടതുമാണ്. അവശേഷിക്കുന്ന ഒരു സീറ്റിൽ അവകാശവാദം ഉന്നയിയ്ക്കാനാണ് ഇടതു മുന്നണിയിലെ ഘടക കക്ഷികളായ രണ്ടു പാർട്ടികളും താത്പര്യപ്പെടുന്നത്.
എൽ ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയിലാണ് സി പി ഐ അവകാശവാദമുന്നയിയ്ക്കുന്നത്. കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണിയ്ക്കു വേണ്ടിയാണ് പാർട്ടി സീറ്റാവശ്യപ്പെടുന്നത്. നിലവിൽ രാജ്യസഭാംഗമായ ജോസ് കെ മാണിയ്ക്ക് മറ്റൊരു പാർലമെൻ്ററി പദവിയും ഇല്ലാത്തത് പാർട്ടിക്ക് ദോഷം ചെയ്യും എന്നതാണ് അവരുടെ വിലയിരുത്തൽ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തിനു പുറമേ പത്തനംതിട്ട സീറ്റു കൂടി കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടെങ്കിലും സി പി എം ൻ്റെ തലമുതിർന്ന നേതാവ് ഡോ. തോമസ് ഐസക് ആണ് അവിടെ എൽ ഡി എഫ് സ്ഥാനാർത്ഥിയായത്. അതിനാൽ ഒഴിവു വരുന്ന രാജ്യ സഭാസീറ്റ് തങ്ങൾക്ക് അർഹതപ്പെട്ടതു തന്നെയാണ് എന്നതാണ് കേരള കോൺഗ്രസിൻ്റെ നിലപാട്.