ദേശീയ പാതയിൽ മേൽപ്പാലത്തിൻ്റെ സ്പാൻ കോൺക്രീറ്റ് ചെയ്യുന്നതിനാൽ നാളെ (തിങ്കൾ) കാസർഗോഡ് നഗരത്തിലെ നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസർഗോഡ് പുതിയ ബസ്സ്റ്റാൻ്റിനും ഇടയിലുള്ള 150 മീറ്റർ അടയ്ക്കും. കോൺക്രീറ്റുമായി ബന്ധപ്പെട്ട യന്ത്രങ്ങൾ റോഡിൽ സ്ഥാപിക്കുന്നതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
റോഡ് അടയ്ക്കുന്നതിൻ്റെ ഭാഗമായി മംഗളുരു ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ പുതിയ ബസ് സ്റ്റാൻഡ് കവലയിൽ തിരിഞ്ഞ് എം ജി റോഡു വഴി കാഞ്ഞങ്ങാട് – കാസർഗോഡ് സംസ്ഥാന പാത വഴി പോകണമെന്നും ചെർക്കള ഭാഗത്തു നിന്നും വരുന്നവ വിദ്യാനഗർ – ചൗക്കി – ഉളിയത്തടുക്ക വഴിയും മധൂർ റോഡ് വഴിയും തിരിച്ചു വിടുമെന്നും യാത്രക്കാർ ഈ നിയന്ത്രണങ്ങളുമായി പരമാവധി സഹകരിക്കണമെന്നും പൊലിസ് അറിയിച്ചു.