ആവേശം മൂത്ത് വായിൽ തോന്നിയത് വിളിച്ചു പറയുക, പിന്നാലെ മാപ്പു പറയുക എന്നത് കേരളത്തിലെ രാഷ്ട്രീയക്കാർക്കും ഒരു ലഹരിയായി മാറുന്നതായി ആക്ഷേപം. വടകര ലോക്സഭാ മണ്ഡലം, തെരഞ്ഞെടുപ്പുകാലത്ത് വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് പോയിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി ശൈലജ ടീച്ചറേയും യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനേയും കേന്ദ്രീകരിച്ചായിരുന്നു വിവാദങ്ങൾ.
യു ഡി എഫും ആർ എം പി യും ചേർന്ന് വടകരയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ആർ എം പി നേതാവ് ഹരിഹരനാണ് അശ്ലീലവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തി ഇപ്പോൾ വിവാദത്തിലായത്. ടീച്ചറിൻ്റെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കി എന്നാണ് പറയുന്നത്. അതാരെങ്കിലും ഉണ്ടാക്കുമോ?……. ( പ്രമുഖ സിനിമാ നടിയുടെ പേര് പറയുന്നു) ൻ്റെയാണെങ്കിൽ നന്നായിരുന്നേനെ. …. നടിയുടെ ഒക്കെയാണെങ്കിൽ മനസിലാക്കാം -ഇത്തരത്തിൽ പല തവണ നടിയുടെ പേരും പരാമർശിക്കുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഷാഫി പറമ്പിൽ തുടങ്ങിയവരെയൊക്കെ വേദിയിലിരുത്തി ഹരിഹരൻ പ്രസംഗിച്ച് കത്തിക്കയറി. പിന്നാലെ വിവാദവുമായി. ഹരിഹരൻ്റെ പരാമർശം അനുചിതവും അശ്ലീലവും സ്ത്രീവരുദ്ധവുമാണെന്ന് അവിടെ തന്നെ ചർച്ചയായി. തുടർന്ന് സാമൂഹിക മാധ്യമത്തിലൂടെ മാപ്പ് യാചിച്ച് ഹരിഹരനുമെത്തിയിട്ടുണ്ട്. പ്രസംഗത്തിൽ കടുത്ത എതിർപ്പാണ് പല ഭാഗങ്ങളിൽ നിന്നും ഹരിഹരൻ ഇപ്പോൾ നേരിടുന്നത്.