ആദ്യകാല നടി ബേബി ഗിരിജ(പി പി ഗിരിജ ) ചെന്നൈയിൽ അന്തരിച്ചു. ആലപ്പുഴ സ്വദേശിനിയാണ്. 83 വയസായിരുന്നു. മലയാള സിനിമയിൽ ആദ്യകാല ബാലതാരമായി നിരവധി ചിത്രങ്ങളിൽ തിളങ്ങിയിരുന്നു. പിന്നീട് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോഗസ്ഥയായി.
1951ൽ പുറത്തിറങ്ങിയ ജീവിതനൗക എന്ന സിനിമയിൽ ലക്ഷ്‌മി എന്ന പ്രധാന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചാണ് സിനിമയിൽ തുടക്കം കുറിച്ചത്.
അച്ഛൻ (1952), വിശപ്പിന്റെ വിളി (1952), പ്രേമലേഖനം (1952),അവൻ വരുന്നു (1954), പുത്രധർമം (1954), കിടപ്പാടം (1955) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 1950-60 കാലഘട്ടങ്ങളിൽ മലയാളികൾ ഒന്നാകെ പാടിനടന്ന ആനത്തലയോളം വെണ്ണ തരാമെടാ.. ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക്’ എന്ന ജീവിതനൗക എന്ന ചിത്രത്തിലെ ഗാന രംഗത്തിൽ അഭിനയിച്ചതും ഗിരിജയായിരുന്നു.