ഓർമയിലെ ഇന്ന്മെയ് – 11കെ ആർ ഗൗരി അമ്മ

At Malayalam
3 Min Read

കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവായിരുന്ന…ആധുനിക കേരളം കണ്ട ഏറ്റവും പ്രൗഢയായ വനിതാ ഭരണാധികാരിയായിരുന്ന… കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ
എന്ന കെ ആർ ഗൗരിയമ്മ.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തിറങ്ങിയ , 1950 കളുടെ അവസാനം തുടങ്ങി പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിന്ന വിപ്ലവ നക്ഷത്രമായിരുന്നു കെ ആര്‍ ഗൗരി . പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തിൽ അന്വര്‍ത്ഥമാക്കിയ ജീവിതം . സ്ത്രീകൾക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്താണ് ട്രേഡ് യൂണിയൻ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കെ ആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഇടം ഉറപ്പിക്കുന്നത്.

തിരു – കൊച്ചി നിയമസഭയിലേക്ക് രണ്ടു തവണ ജനവിധി നേടിയ ഗൗരിയമ്മ 1957 ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യു വകുപ്പു മന്ത്രിയായിരുന്നു . കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ കോളിളക്കം സൃഷ്ടിച്ച കാര്‍ഷിക പരിഷ്കരണ നിയമം പാസാക്കി കുടിയൊഴിപ്പിക്കൽ നിരോധന നിയമം , ഭൂപരിഷ്കരണ നിയമം , വനിതാ കമ്മീഷൻ നിയമം , അഴിമതി നിരോധന നിയമം തുടങ്ങി സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക അന്തരീക്ഷത്തിന്റെ തലവര മാറ്റിയെഴുതുന്ന ഒട്ടേറെ പ്രസക്തമായ ഇടപെടലുകൾക്ക് ഗൗരിയമ്മ എന്ന പ്രഗത്ഭയായ ഭരണാധികാരി തുടക്കമിട്ടു . കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുമുണ്ട് . റവന്യൂ വകുപ്പിനു പുറമേ വിജിലൻസ് , വ്യവസായം , ഭക്ഷ്യം , കൃഷി , എക്സൈസ് , സാമൂഹ്യക്ഷേമം , ദേവസ്വം , മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം കൊടുത്തു പ്രഗത്ഭയായ ഒരു മന്ത്രിയെന്ന നിലയിൽ അവരുടെ കഴിവു തെളിയിച്ചു.

1919 ജൂലൈ 14-ന് ആലപ്പുഴയിലെ
ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ എ രാമൻ , പാർവ്വതിയമ്മ എന്നിവരുടെ മകളായി ജനനം. എറണാകുളം മഹാരാജാസ് കോളേജിലും ലോ കോളേജിലുമായി പഠനം പൂർത്തിയാക്കി. മഹാരാജാസിൽ പഠിക്കുമ്പോൾ കവി ചങ്ങമ്പുഴ കൃഷ്ണപിള്ള സഹപാഠിയായിരുന്നു.

- Advertisement -

നിയമബിരുദം നേടിയ ശേഷം അഭിഭാഷക ജീവിതം തുടങ്ങും മുൻപായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശം . വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഗൗരിയമ്മ 1946-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു . 1957-ലെ ആദ്യ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ഗൗരിയമ്മ റവന്യൂ, എക്സൈസ് വകുപ്പുകളുടെ ചുമതലയാണ് അന്ന് വഹിച്ചിരുന്നത് . പിന്നീട് വിവിധ സർക്കാരുകളിലായി അവർ അ‍ഞ്ചു തവണ കൂടി മന്ത്രിയായി . ആകെ 11 തവണ നിയമസഭാംഗമായി തെര‍ഞ്ഞെടുക്കപ്പെട്ടു. 1957-ൽ മന്ത്രിസഭയിൽ അംഗമായിരുന്ന ടി വി തോമസിനെ ഗൗരിയമ്മ വിവാഹം ചെയ്തു . പാർട്ടി മുൻ കയ്യെടുത്തു നടത്തിയ വിവാഹമായിരുന്നു അത് . 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി എമ്മിനൊപ്പം ഗൗരിയമ്മ ഉറച്ചു നിന്നു . എന്നാൽ ടി.വി സി പി ഐ യ്ക്കൊപ്പമായിരുന്നു.

രാഷ്ട്രീയ യാത്രയിലുണ്ടായ ഈ വഴിമാറ്റം അവരുടെ ദാമ്പത്യ ജീവിതത്തേയും വലിയ രീതിയിൽ ബാധിച്ചു. ഇടക്കാലത്ത് സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്ന ഗൗരിയമ്മ പൂ‍ർണമായും കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും രണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കിടയിലെ പോരിൽ ആ ദാമ്പത്യം തകർന്നു.

1987 ൽ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ പക്ഷേ 1994 ൽ സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു . അതേ വർഷം അവർ ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ്) എന്ന പാർട്ടി രൂപീകരിച്ചു . 2019 വരെ ജെ എസ്എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു ഗൗരിയമ്മ . സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട 1994 മുതൽ 2016 വരെ യു ഡി എഫിനൊപ്പം നിന്ന ഗൗരിയമ്മയെ പിന്നീട് ക്ഷണിതാവ് സ്ഥാനം നൽകി സി പി എം എൽ ഡി എഫിലേക്ക് കൊണ്ടു വന്നു . ഗൗരിയമ്മയുടെ ആത്മകഥയ്ക്ക് 2011-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 2021 മെയ് 11 ന് തിരുവനന്തപുരത്തെ പി ആർ എസ് ആശുപത്രിയിൽ തന്റെ 102-ാം വയസ്സിൽ അന്തരിച്ചു.

11-ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവ് , ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെട്ടയാൾ എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയ , ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം (85 വയസ്) , ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം , ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ പല റിക്കോർഡുകളും ഇപ്പോഴും ഗൗരിയമ്മയുടെ
പേരിലാണ്

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment