സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ടെസ്റ്റ് നടപടികളിൽ കാതലായ മാറ്റം വരുത്തിക്കൊണ്ട് സമീപകാലത്ത് ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവ് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു . വിദേശരാജ്യങ്ങളിൽ പലയിടത്തും വളരെ കർശനമായ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷം മാത്രം നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് , കേരളത്തിൽ ആയാസ രഹിതമായി ലഭിക്കുന്നതു കൊണ്ടും റോഡു നിയമങ്ങളെ പറ്റി കാര്യമായ ധാരണയില്ലാതെ ഡ്രൈവിംഗ് ലൈസൻസിൻ്റെ ബലത്തിൽ മാത്രം വാഹനവും കൊണ്ട് നിരത്തിലിറങ്ങുന്നതുമാണ് റോഡപകടങ്ങൾ വർധിക്കാൻ കാരണമെന്നും ചർച്ചയുണ്ടായി . അതിനാൽ വാഹനപ്പെരുപ്പമുള്ള കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള നടപടിക്രമങ്ങൾ കർശനമാക്കുന്നത് നല്ലതാണന്നും ചിലർ വാദിച്ചു.
എന്നാൽ ഇപ്പോൾ ഗതാഗത വകുപ്പിൻ്റെ ഉത്തരവിൽ നേരിയ ഇളവുകൾ സർക്കാർ നൽകിയിട്ടുണ്ട് . ഒരു ദിവസം നൽകുന്ന ലൈസൻസുകളുടെ എണ്ണം 40 ആക്കിയതാണ് അതിൽ പ്രധാനപ്പെട്ടത് . ക്യാമറ ഘടിപ്പിക്കേണ്ടുന്ന വാഹനങ്ങളിൽ അതിനായി മൂന്നു മാസത്തെ സമയം കൂടി നൽകാനും നിർദേശമുണ്ട് . 15 വർഷം കഴിഞ്ഞ വാഹനങ്ങൾ മാറ്റുന്നതിനായി ആറു മാസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
പരിഷ്ക്കരണം മുൻനിർത്തി ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരും വിവിധ യൂണിയൻ അംഗങ്ങളും ചേർന്ന് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു നൽകിയിരുന്ന ഹർജി ഇന്നലെ ഹൈക്കോടതി തള്ളിക്കളഞ്ഞതും ശ്രദ്ധേയമായി.
