പോളിംഗ് ശതമാനം കുറഞ്ഞു ; കാരണങ്ങൾ എന്താണ്?

At Malayalam
2 Min Read

പോളിംഗ് ശതമാനം കുറവായിരുന്നെങ്കിലും പല ബൂത്തുകളിലും രാത്രി ഏറെ വൈകിയാണ് പോളിംഗ് അവസാനിച്ചത് . പോളിംഗ് ആരംഭിച്ച രാവിലെ 7 മണിക്കു തന്നെ സംസ്ഥാനത്തെ പല ബൂത്തുകൾക്കു പുറത്തും നീണ്ട നിര രൂപപ്പെട്ടിരുന്നു . അതിനാൽ തന്നെ ഉയർന്ന ശതമാനം പോളിംഗ് നടക്കുമെന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട എല്ലാവരും പ്രതീക്ഷിച്ചതും . അത് ശരിവയ്ക്കുന്ന വിധത്തിലാണ് കേരളത്തെ സംബന്ധിച്ച് ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളുമൊക്കെ പോളിംഗിൻ്റെ ആദ്യ മണിക്കൂർ മുതൽ റിപ്പോർട്ടു ചെയ്തിരുന്നതും . ഉച്ച കഴിഞ്ഞപ്പോഴേക്കും 50% പോളിംഗ് രേഖപ്പെടുത്തുകയും ചെയ്തു . എന്നാൽ പിന്നീട് തുടക്കത്തിലെ വേഗവും ശതമാന വർധനവുമൊന്നും കാണാനില്ലാതായി എന്നതാണ് മനസിലാകുന്നത്.

പോളിംഗ് പലയിടത്തും ഏറെ വൈകി എന്ന പരാതിയും വ്യാപകമായുണ്ട് . അതിനു പലകാരണങ്ങളുമുണ്ടാകാം. രാവിലെ 5.30 ന് തുടങ്ങി 7 മണിക്കു മുമ്പ് പൂർത്തിയാക്കേണ്ടുന്ന മോക് പോളിംഗ് മുതൽ ഏറെ വൈകി പോളിംഗ് നടപടികൾ തുടങ്ങിയ ബൂത്തുകളുമുണ്ട് . വടകര ലോക്‌സഭാ മണ്ഡലത്തിലെ കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ 141 ആം നമ്പർ ബൂത്തിലാണ് സംസ്ഥാനത്തെ ഏറ്റവും അവസാനത്തെ വോട്ടിട്ടത് . അതാകട്ടെ രാത്രി 11:40 കഴിഞ്ഞപ്പോഴാണു താനും.

എന്തു കൊണ്ട് തെരഞ്ഞെടുപ്പിനോട് മലയാളികൾ മുഖം തിരിച്ചു നിൽക്കുന്നു എന്നതിന് വ്യത്യസ്ഥങ്ങളായ കാരണങ്ങളാണ് പലരും പറയുന്നത് അല്ലെങ്കിൽ കണ്ടെത്തുന്നത് . 2019 ൽ നടന്ന
ലോക്‌സഭാതെരഞ്ഞെടുപ്പിൽ 77.51 % പോളിംഗ് നടന്ന സ്ഥാനത്താണ് കൃത്യം അഞ്ചു കൊല്ലങ്ങൾക്കിപ്പുറം വലിയ തോതിൽ കുറവു വന്നിരിക്കുന്നത് . ഏകദേശം 8.5 ലക്ഷത്തോളം വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കനത്ത ചൂട് പോളിംഗിനെ വലിയ അളവിൽ ബാധിച്ചു. ഇടയ്ക്കിടക്ക് സംസ്ഥാനത്ത് പലയിടത്തായി ആളുകൾ കുഴഞ്ഞു വീണു മരിക്കുന്ന വാർത്തകളും ടെലിവിഷൻ ചാനലുകളിൽ കാണുന്നുണ്ടായിരുന്നു . പുതുതലമുറ തെരഞ്ഞെടുപ്പിനോട് പുറം തിരിഞ്ഞ് നിന്നോ എന്നതും പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു . ജോലി , പഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നല്ലൊരു ശതമാനം കേരളത്തിനും ഇന്ത്യക്കു പുറത്തുമുണ്ട്. അവരുടെ അഭാവവും കണക്കിലെടുക്കേണ്ടതുണ്ട് എന്നാണ് പൊതുവായുള്ള വിലയിരുത്തൽ.

- Advertisement -
TAGGED:
Share This Article
Leave a comment