നോവലിസ്റ്റ് , ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ വള്ളുവനാടൻ തെളിമലയാളം എഴുത്തിൽ സ്വാംശീകരിച്ച സാഹിത്യകാരനാണ് നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പി സി ഗോപാലന്‍. ഗൃഹാതുരത്വമുണർത്തുന്ന രചനകളായിരുന്നു നന്തനാരുടെ കഥകളുടെ പ്രത്യേകത . വിശപ്പും മരണവും ദുരിതവും നന്തനാര്‍ക്കഥകളിലെ അന്തര്‍ധാരയായിരുന്നു. നന്തനാര്‍ക്കഥകളില്‍ വിശപ്പ് മുഖ്യകഥാപാത്രമാകുന്നു. ശരീരത്തിന്റേതു മാത്രമല്ല ഈ വിശപ്പ് , മനസ്സിന്റേതു കൂടിയാണ് . വിശപ്പ് ജീവിതത്തിലുടനീളം വേട്ടയാടുകയാണ് . ജീവിതാസക്തികള്‍ , ദാരിദ്ര്യം , അവഗണന , അനാഥത്വം , ഏകാന്തത , രോഗങ്ങള്‍ , കടങ്ങള്‍ എന്നിങ്ങനെ ദുസ്സഹ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്‍ – തന്റെ കഥകളിലൂടെ നന്തനാര്‍ വരച്ചു കാട്ടുന്ന മനുഷ്യ ചിത്രം ഇതാണ് . ഈ കഥകളുടെ വായന മനുഷ്യ മഹത്ത്വത്തെക്കുറിച്ച് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു . മലയാളികൾ പട്ടാളക്കഥകൾ വായിച്ചറിഞ്ഞത് പാറപ്പുറം , കോവിലൻ , നന്തനാർ എന്നിവരുടെ കഥകളിലൂടെയാണ് . പട്ടാളക്യാമ്പുകളിലെ അനുഭവങ്ങൾ കാൽപ്പനികത ചേർക്കാതെ എഴുതിയപ്പോൾ നാം ഇതുവരെ അനുഭവിച്ചറിയാത്തൊരു മേഖലയിലേക്ക് എത്തുകയായിരുന്നു . തകഴിയും എസ് കെ പൊറ്റെക്കാട്ടും ബഷീറുമൊന്നും പറഞ്ഞുതരാത്തൊരു മേഖലയിൽ നിന്ന് , ചെറുകഥയുടെ അതിർത്തിക്കുള്ളിൽ ഒതുങ്ങാത്ത തരം അനുഭവങ്ങളായിരുന്നു ഇവരുടെ കഥകളിൽ ഉണ്ടായിരുന്നത് . അദ്ദേഹം എഴുതിയ 12 പട്ടാളക്കഥകളാണ് ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച നന്തനാരുടെ പട്ടാളക്കഥകൾ.
1926 ജനുവരി 5 ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റേയും , നാണിക്കുട്ടിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത് . പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ എന്നായിരുന്നു യഥാർത്ഥ നാമം . തമിഴ് ശിവഭക്തസന്യാസിയായിരുന്ന നന്തനാരോടുള്ള ആദരസൂചകമായാണ് നന്തനാർ എന്ന തൂലികാനാമം സ്വീകരിച്ചത് . തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബവീട് . വിദ്യാഭ്യാസത്തിനു ശേഷം 1942 മുതല്‍ 1964 വരെ പട്ടാളത്തില്‍ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി നോക്കി. 1965 മുതല്‍ മൈസൂരില്‍ എന്‍ സി സി ഇന്‍സ്ട്രക്ടറായിരുന്നു . 1967 മുതല്‍ മരണം വരെ ഫാക്റ്റില്‍ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു ജോലി. ആത്മാവിന്റെ നോവുകള്‍ , അനുഭൂതികളുടെ ലോകം , ഉണ്ണിക്കുട്ടന്റെ ഒരു ദിവസം , ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍ , മഞ്ഞക്കെട്ടിടം , ഉണ്ണിക്കുട്ടന്‍ വളരുന്നു , ആയിര വല്ലിക്കുന്നിന്റെ താഴ്‌വരയില്‍ , അനുഭവങ്ങള്‍ എന്നിവയാണ് പ്രധാന നോവലുകള്‍ . ഇതിനു പുറമേ ഒരു നാടകവും 11 കഥാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ 1963ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി . മൂന്നു വയസ്സുകാരനായ ഉണ്ണിക്കുട്ടന്റെ കണ്ണിലൂടെ കാണുന്ന കാഴ്ചകളുടെ മനോഹരമായ ആഖ്യാനമാണ് നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം.
ബാലസാഹിത്യത്തിലെ ഉജ്ജ്വലസൃഷ്ടിയായ ’ഉണ്ണിക്കുട്ടന്റെ ലോക’ത്തിൽ അമ്മയായി , പരോക്ഷ കഥാപാത്രമായി അദ്ദേഹത്തിന്റെ ഭാര്യ രാധ വരുന്നുണ്ട്. 1974 ഏപ്രില്‍ 24ന് അന്തരിച്ചു . നന്തനാരുടെ യഥാർഥ ജീവിത സന്ദർഭങ്ങളെയും കഥാസന്ദർഭങ്ങളെയും കോർത്തിണക്കി എം ജി ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ് സംസ്ഥാന പുരസ്കാരം നേടിയ അടയാളങ്ങൾ.
