അതുല്യ അഭിനയ പ്രതിഭ കരമന ജനാര്‍ദനന്‍ നായരുടെ 24-ാം ചരമവാർഷികമാണിന്ന്.
ശരീര ഭാഷയുടെയും ശബ്ദ വിന്യാസത്തിന്റെയും തനതു വ്യതിരിക്തവുമായ ശൈലിയിലൂടെ മലയാളിയുടെ അഭിനയ സങ്കല്‍പങ്ങളെ മാറ്റി മറിച്ച മലയാള സിനിമയിലെ അതുല്യ പ്രതിഭകളിലൊരാളാണ് കരമന ജനാര്‍ദനന്‍ നായര്‍ . അടൂർ ഗോപാലകൃഷ്ണന്റെ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയം ആരംഭിച്ച കരമന 1981 ല്‍ എലിപ്പത്തായം എന്ന അടൂരിൻ്റെ സിനിമയിലൂടെ ചിരപ്രതിഷ്ഠനായി . ആ ചിത്രത്തിലൂടെ അടൂര്‍ മലയാളിക്ക് പരിചയപ്പെടുത്തിയത് ജന്മി സമ്പ്രദായത്തിന്റെ കാലഹരണപ്പെട്ട രാഷ്ട്രീയം മാത്രമായിരുന്നില്ല, അനശ്വരനായ ഒരു അഭിനയ പ്രതിഭയെ കൂടിയായിരുന്നു . മറക്കാനാവാത്ത നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച കരമന ജനാർദ്ദനൻ നായർ 1936 ജൂലൈ 25 ന് തിരുവനന്തപുരം കരമനയില്‍ രാമസ്വാമി അയ്യരുടെയും ഭാര്‍ഗവി അമ്മയുടെയും മകനായി ജനിച്ചു . പഠനകാലത്ത് തന്നെ ആകാശവാണിയിലെ നാടകങ്ങളിലും പ്രൊഫഷണൽ നാടക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി . പ്രോവിഡന്റ്സ് ഫണ്ട് ഓഫീസിൽ ഉദ്യോഗസ്ഥനായ ശേഷം തിരുവനന്തപുരത്തെ തനത് നാടകവേദികളിലും പങ്കാളിയായി . പിന്നീടാണ് ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനായി ചേർന്നത്.
അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന ചിത്രത്തിലെ നായകനായിരുന്നു കരമന ജനാർദ്ദനൻ നായർ . കാലഘട്ടത്തിലെ മാറ്റങ്ങളോട് മുഖം തിരിച്ചു കൊണ്ട് നാശോന്മുഖമായി കൊണ്ടിരിക്കുന്ന ഫ്യുഡലിസത്തിൽ , അഭിരമിക്കുന്ന നിഷ്ക്രിയനായ ഉണ്ണി എന്ന കേന്ദ്ര കഥാപാത്രത്തെ കരമന ഭംഗിയായി അവതരിപ്പിച്ചു . ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ കരമന വൈകി വന്ന വെളിച്ചം , നിന്റെ രാജ്യം വരുന്നു തുടങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും മറ്റു പല ശ്രദ്ധേയ നാടകങ്ങളിലും അഭിനയിച്ചു . തുടർന്ന് സിനിമയിൽ എത്തുകയായിരുന്നു . മുഖാമുഖം , ഒഴിവുകാലം , ആരോരുമറിയാതെ , തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു . 1999 ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് സംവിധാനം ചെയ്ത എഫ് ഐ ആർ ആയിരുന്നു അവസാന ചിത്രം . 2000 ഏപ്രിൽ 24-ന് അന്തരിച്ചു . മകൻ സുധീർ കരമന തിരക്കുള്ള ചലച്ചിത്ര നടനാണ് . കരമന നമ്മളെ വിട്ടുപോയിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് സമ്മാനിച്ച ഒരു പിടി കഥാപാത്രങ്ങളിലൂടെ നമ്മുടെ ഓർമകളിൽ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു.
കരമനയുടെ ചില ചിത്രങ്ങൾ : മതിലുകൾ , മറ്റൊരാൾ , ദശരഥം , സ്ഫടികം , മാലയോഗം , മഴവിൽക്കാവടി , ദിനരാത്രങ്ങൾ , വെള്ളാനകളുടെ നാട് , പട്ടണപ്രവേശം , കമ്മീഷണർ.