ഓർമയിലെ ഇന്ന്; ഏപ്രിൽ – 23, എസ് ജാനകി

At Malayalam
3 Min Read

ഇന്ത്യയുടെ കുയിൽ നാദം , തെന്നിന്ത്യൻ നാദവിസ്മയം എസ് ജാനകിയ്ക്ക് ഇന്ന് 86-ാം പിറന്നാൾ.

മലയാളി അല്ലാതിരുന്നിട്ടും മലയാളികളെപ്പോലും വെല്ലുന്ന ഉച്ചാരണ ശുദ്ധിയോടെ പാടിയ മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ഗായികമാരിൽ ഉന്നതസ്ഥാനീയയാണ് ജാനകിയമ്മ

- Advertisement -

ശാസ്ത്രീയ സംഗീതത്തിൻ്റെ അടിത്തറയില്ലാതെ തന്നെ
സംഗീതത്തിന്റെ കൊടുമുടികൾ കീഴടക്കിയ , 18 ഭാഷകളിലായി 30,000-ൽ അധികം ഗാനങ്ങൾ പാടിയ തെന്നിന്ത്യയുടെ പൂങ്കുയിലാണ് ജാനകിയമ്മ . പ്രണയിനിയുടെ കാതരനാദവും വിരഹിണിയുടെ വിഷാദാത്മകതയും മാതൃത്വത്തിൻ്റെ മഹനീയതയെല്ലാം ആ നാദ വിസ്മയത്തിൽ അലിഞ്ഞുറങ്ങി. ഓപ്പോളിലെ
ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് എന്ന ഗാനത്തിലൂടെ 1980 ല്‍ ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മലയാളത്തിൽ കൊണ്ടുവന്ന ജാനകിയമ്മയ്ക്ക് വയസ്സ് 86 തികയുമ്പോഴും ആ സ്വരത്തിന് ഇന്നും കൗമാരത്തിന്റെ കാന്തിയുണ്ട് . പ്രണയം , വിരഹം , ഭക്തി , വാത്സല്യം , കുട്ടിത്തം അങ്ങനെ ജാനകിയുടെ നാദത്തിനു വഴങ്ങാത്ത ഭാവങ്ങളില്ല . മൗനത്തിന് പോലും മധുരമുണ്ട് എന്ന് മലയാളത്തിനെ അറിയിച്ച നാദം .

1938 ഏപ്രിൽ 23 ന് ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിൽ സിസ്തല ശ്രീരാമ മൂർത്തിയുടെയും സത്യവതിയുടെയും മകളായി ജനിച്ചു . കുഞ്ഞിലെ തന്നെ സംഗീതവാസന പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശരിയായ സംഗീത വിദ്യാഭ്യാസം ലഭിക്കാതെ പോയി . രണ്ടോ മൂന്നോ മാസം പൈദിസ്വാമി എന്ന നാദസ്വരവിദ്വാനു കീഴിൽ പഠിക്കാൻ ശ്രമിച്ചുവെങ്കിലും ആ ഗുരുനാഥൻ , നിനക്ക് എല്ലാം ഭഗവാൻ നൽകി അനുഗ്രഹിച്ചിട്ടുണ്ടെന്നു പറഞ്ഞ് പoനം അവസാനിപ്പിച്ചു . ഇത്രയേ ഉള്ളു എസ് ജാനകിയുടെ സംഗീത വിദ്യാഭ്യാസം . 1956 ൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിതഗാനമത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു . അന്നത്തെ ഇന്ത്യൻ പ്രസിഡന്റിൽ നിന്നു പുരസ്കാരം വാങ്ങിയതോടെ ജാനകിയുടെ ഭാഗ്യതാരകം ഉദിച്ചു . 1957 ൽ വിധിയിൻ വിളയാട്ടെന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തുമ്പോൾ 19 വയസ് . ചുരുങ്ങിയ സമയം കൊണ്ട് സംഗീതലോകത്തെ പുത്തൻ താരോദയമായി മാറിയ ജാനകിയെ മലയാളത്തിലേക്ക് ക്ഷണിച്ചത് എം എസ് ബാബുരാജും പി ഭാസ്കരനുംമാണ് . പിന്നീടുണ്ടായത് കാലത്തിനു പോലും മായ്ക്കാനാകാത്ത ചരിത്രം .

- Advertisement -

മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ
ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ എന്ന ഗാനമാണ് മലയാളത്തിൽ ജാനകി ആദ്യം പാടിയത് . തുടർന്ന് ആയിരക്കണക്കിന് ഗാനങ്ങൾ.
ഉണരുണരൂ ഉണ്ണിപ്പൂവേ…., മുങ്ങി മുങ്ങി മുത്തുകൾ വാരും…, പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു…) വാസന്ത പഞ്ചമിനാളിൽ….ഉണ്ണി ആരാരിരോ , ആരാരോ ആരിരാരോ… ആഴക്കടലിന്റെ അങ്ങേക്കരയിലായ്…, അഞ്ജനക്കണ്ണെഴുതി…., കടവത്തു തോണിയടുത്തപ്പോൾ…, താമരക്കുമ്പിളല്ലോ മമഹൃദയം…, മിഴിയോരം നനഞ്ഞൊഴുകും…, സ്വർണ്ണ മുകിലേ…, സൂര്യകാന്തി… സൂര്യകാന്തി…, മലർകൊടി പോലെ… 🎙️ തുമ്പീ വാ തുമ്പക്കുടത്തിൽ…, സന്ധ്യേ കണ്ണീരിതെന്തേ…., ആടി വാ കാറ്റേ…. , നാഥാ നീ വരും കാലൊച്ച…., കിളിയേ കിളിയേ… , മോഹം കൊണ്ടു ഞാൻ…. അങ്ങനെ എത്ര എഴുതിയാലും പറഞ്ഞാലും തീരാത്ത ഗാനങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിൽ ജാനകിയമ്മ കുടിയേറി.

പതിറ്റാണ്ടുകൾ നീണ്ട സംഗീത സപര്യയിൽ അനവധി പുരസ്കാരങ്ങളും ജാനകിയെ തേടിയെത്തി . നാലു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം , 41 സംസ്ഥാന പുരസ്‌കാരങ്ങൾ , മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ് , കലൈമാമണി പുരസ്കാരം , സുർസിംഗർ ബിരുദം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ സ്വന്തമാക്കി. ഏറെ വൈകിയെത്തിയ പദ്മഭൂഷൺ നിരസിച്ചുകൊണ്ട് പറഞ്ഞു ബഹുമതികൾ എന്നെ പ്രലോഭിപ്പിച്ചിട്ടില്ല’ എന്ന്. എസ് ജാനകിക്ക് ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡുകൾ ലഭിച്ചത് മലയാളത്തിൽ നിന്നുമാണ്. പാടിത്തുടങ്ങിയ വർഷം മുതൽ മലയാളത്തിൽ പാടി . ശാരീരിക അസ്വസ്ഥതകൾ മൂലം പാട്ടിൽനിന്നു വിരമിച്ചതും മലയാളത്തിൽ നിന്നു തന്നെ . മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലെത്തിച്ചതും ജാനകി തന്നെ . തിരക്കുകളിൽ നിന്ന് സ്വയം പിൻവാങ്ങി
ഹൈദരാബാദിൽ വിശ്രമജീവിതം നയിക്കുന്ന പ്രിയ ഗായിക . ജാനകിക്ക് മുമ്പും പാടി അവസാനിപ്പിച്ചതിനു ശേഷവും അത്രയും റേയ്ഞ്ചുള്ള ശബ്ദഭംഗിയുള്ള ഗായികമാർ ഉണ്ടായിട്ടില്ല . ജാനകി അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു.

- Advertisement -
Share This Article
Leave a comment