ഓർമയിലെ ഇന്ന് : ഏപ്രിൽ – 23 : വി സാംബശിവൻ

At Malayalam
4 Min Read

കഥാപ്രസംഗ കുലപതി വി.സാംബശിവന്റെ 28-ാംചരമവാർഷികമാണിന്ന്

എത്ര കേട്ടാലും മതിവരാത്തത്ര മനോഹരവും ചടുലതയുമാർന്ന കഥകൾ വേദികളിൽ അവതരിപ്പിച്ച് മലയാള മനസ്സിനെ ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും പരിവർത്തനപ്പെടുത്തുകയും ചെയ്ത , കഥാപ്രസംഗ കലയെ ഉയരങ്ങളിലെത്തിയ്ക്കുന്നതിൽ അദ്വിതീയമായ പങ്കുവഹിക്കുകയും ചെയ്ത കഥാപ്രസംഗ രംഗത്തെ കുലപതിയാണ് വി സാംബശിവൻ.

വിശ്വ സാഹിത്യത്തിന്റെ അതിവിശാലമായ ലോകം മലയാളികൾക്കു മുമ്പിൽ തുറക്കുന്നതിനു പിന്നിൽ മഹത്തായ സംഭാവന നൽകിയ സാംബശിവൻ. അദ്ദേഹത്തിൻ്റെ കഥ പ്രസംഗമുണ്ടന്നറിഞ്ഞാൽ കാതങ്ങൾക്കപ്പുറത്തു നിന്നുപോലും ജനക്കൂട്ടം ഒഴുകിയെത്തുമായിരുന്നു . മണിക്കൂറുകൾ നിശ്ശബ്ദരായി അദ്ദേഹത്തിന്റെ ഘനഗാംഭീര്യ ശബ്ദത്തിൽ റഷ്യൻ സാഹിത്യവും ബംഗാളി സാഹിത്യവും മലയാള സാഹിത്യവും എല്ലാം കേട്ടു മതിമറന്നു നിൽക്കും . സാംബശിവന്റെ കഥ നടക്കുന്ന വേദികളിലേക്ക് അന്ന് പ്രത്യേക ബസ് സർവീസുകൾപോലും ഏർപ്പെടുത്തിയിരുന്നു എന്നത് പുതു തലമുറയ്ക്ക് കൗതുകമായി തോന്നിയേക്കാം .

സർവകലാശാലയിൽ തുടർപഠനം നടത്തണമെന്ന അതിയായ ആഗ്രഹമാണ് സാംബശിവനെ 19-ാം വയസ്സിൽ കാഥികനാക്കിയത് . സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബത്തിന്റെ ചുമതലകളും തന്റെ പഠനവും കഥപറച്ചിലിലൂടെത്തന്നെ അദ്ദേഹം ഭദ്രമാക്കി . ആഖ്യാനത്തിലെ പുതുമയും കഥകൾക്കിടയിൽ വർത്തമാനകാല സംഭവങ്ങൾ കോർത്തുവയ്ക്കാനുള്ള ചാതുര്യവും വളരെ വേഗം അദ്ദേഹത്തെ ശ്രോതാക്കളുടെ പ്രിയപ്പെട്ട കാഥികനാക്കി മാറ്റി . ശബ്ദഗാംഭീര്യവും രൂപഗുണവും ആ കലാകാരന്റെ പ്രശസ്തിക്ക് വലിയ കുതിപ്പുനൽകി . 1929 ജൂലൈ 4 ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും പുത്രനായി ജനനം . 1949-ലെ ഓണക്കാലത്ത് ചതയം നാളിൽ രാത്രി 8 മണിയ്ക്കു ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ , കത്തിച്ചുവച്ച പെട്രൊമാക്സിന്റെ വെളിച്ചത്തിൽ വി സാംബശിവൻ തന്റെ ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചു – ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘ദേവത’. “സാധാരണക്കാരനു മനസ്സിലാകുന്ന ശൈലിയിൽ കഥപറയണം” ഉദ്ഘാടന പ്രസംഗത്തിൽ നിന്നു സാംബശിവന്റെ മനസ്സിൽ ഒരു കെടാദീപമായി കൊളുത്തപ്പെട്ട ആപ്തവാക്യമായിരുന്നു അത് . “കലാശാലാ വിദ്യാഭ്യാസം ചെയ്യാൻ എനിക്കു കലശലായ മോഹം . പക്ഷേ പണമില്ല . ഞാനൊരു കഥ പറയാം . പകരം കുറച്ചു പണം തന്ന് എന്നെ സഹായിക്കണം .” വി സാംബശിവന്റെ ആദ്യ വേദിയിലെ ആമുഖ വാചകങ്ങളായിരുന്നു ഇവ . കഥ കേട്ടു നിന്ന ആസ്വാദകരുടെ മനസ്സിൽ കൊളുത്തി കയറി . പിന്നെയുള്ളതെല്ലാം ചരിത്രം. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിനു വേദികൾ അദ്ദേഹത്തെ തേടി എത്തി . പഠിക്കുന്ന കാലത്തും തിരക്കുള്ള കാഥികനായി കഥ പറഞ്ഞ് കേരളത്തിലാകെ മുന്നേറി . 1963-ൽ കഥാപ്രസംഗവേദിയിൽ ഒരു വഴിത്തിരിവു സൃഷ്ടിച്ചുകൊണ്ട് വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ ‘ദ പവർ ഓഫ് ഡാർക്നെസ് ‘ (തമശ്ശക്തി) എന്ന നാടകം ‘അനീസ്യ’ എന്ന പേരിൽ കഥാപ്രസംഗമായി അദ്ദേഹം അവതരിപ്പിച്ചു.

പുഷ്പിത ജീവിതവാടിയിലൊ –
രപ്സരസുന്ദരിയാണനീസ്യ……. എന്ന ഹൃദയഹാരിയായ ഗാനത്തോടെ അനീസ്യയെ ആസ്വാദകരുടെ മനസ്സുകളിലെക്കു അദ്ദേഹം കടത്തി വിട്ടു . തന്റെ സമശീർഷരായ കഥപ്രസംഗകരുടെ പ്രതാപകാലത്തായിരുന്നു ഈ അത്ഭുത പരീക്ഷണമെന്നതും ശ്രദ്ധേയമാണ് . കേരളീയർക്ക് ഇന്നത്തെ വിദ്യാസമ്പന്നത കൈവന്നിട്ടില്ലാത്ത സാഹചര്യമായിരുന്നു അക്കാലം . ടോൾസ്റ്റായ് എന്ന മഹാസാഹിത്യകാരനെ സംബന്ധിച്ച് അവർക്ക് ഉത്സവപ്പറമ്പിൽവച്ച് അറിവ് പകരുന്ന ലക്ഷ്യബോധമുളള കലാകാരനായി സാംബശിവൻ മാറുകയായിരുന്നു .
സുതാര്യവും ലളിതവുമാണ് ഷേക്സ്പിയർ സാഹിത്യം എന്ന നവ്യാനുഭവമാണ് സാംബശിവന്റെ കഥാപ്രസംഗങ്ങൾ മലയാളിക്ക് സമ്മാനിച്ചത് .

- Advertisement -

എൻ എം ശ്രീധരൻ സംവിധാനം ചെയ്ത ‘പല്ലാങ്കുഴി’ എന്ന ചിത്രത്തിൽ നായകനായി സാംബശിവൻ അഭിനയിച്ചിട്ടുണ്ട് . 1996 ഏപ്രിൽ 23 ന് അന്തരിച്ചു.

സാംബശിവൻ അവതരിപ്പിച്ച കഥകൾ ചുവടെ :

ദേവത (1949) , കൊച്ചുസീത (1949) , മഗ്ദലന മറിയം (1950) , വാഴക്കുല , വത്സല(1951) , ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി (1952) , ആയിഷ (1953) ,
തറവാടിന്റെ മാ‍നം (1953) , പുത്തങ്കലവും അരിവാളും (1954) , റാണി (1955) ,
പട്ടുനൂലും വാഴനാരും (1956) , കുടിയൊഴിക്കൽ (1957) , പ്രേമശിൽപ്പി (1958) , താരc(1959) , പരീക്ഷണം (1960) , പുള്ളിമാൻ (1961) , ചന്ദനക്കട്ടിൽ (1962) , അനീസ്യ (1963)
ഒഥല്ലൊ (1964) , ആന്റിഗണി (1965) ,
കാക്കത്തമ്പുരാട്ടി (1966) , മേലങ്കി (1967) , അന്നാക്കരീനിന (1968) ,
റോമിയൊ & ജൂലിയറ്റ് (1969) ,
ഉയിർത്തെഴുന്നേൽപ്പ് (1970) ,
ഡൊൺ ശാന്തമായി ഒഴുകുന്നു (1971) , ഹേന (1972) ,
കുമാരനാശാൻ (1973) ,
വിലയ്ക്കുവാങ്ങാം (1974) ,
നെല്ലിന്റെ ഗീതം (1975) ,
ഇരുപതാം നൂറ്റാണ്ട് (1976) ,
ഗുരുദേവൻ (1976) ,
നല്ലഭൂമി (1977) ,
റയിൻബൊ(1978) ,
സംക്രാന്തി (1979) , ഗോസ്റ്റ് (1980) , യന്ത്രം (1981) , ക്ലിയൊപാട്ര (1982) , കാരമസൊവ് സഹോദരന്മാർ (1983) , ദേവലോകം (1984) , പ്രതി (1985) , ദിവ്യതീർത്ഥം (1986) , സനാറ്റ (1986) ,
ദേശസ്നേഹി (1987) , അർത്ഥം (1988) , വ്യാസനും മാർക്സും (1989) , ലാഭം ലാഭം (1990) , 1857 (1990) , സെഡ് (1991), കുറ്റവും ശിക്ഷയും (1992), സിദ്ധാർത്ഥ (1993) , പതിവ്രതയുടെ കാമുകൻ (1994) , ഏഴു നിമിഷങ്ങൾ (1995) , അവസാന വേദി – പാങ്കുളം മാടൻ നട (മാർച്ച് 7, 1996) . അവസാനം അവതരിപ്പിച്ച കഥ- ഏഴു നിമിഷങ്ങൾ . അവസാനം രചിച്ച കഥാപ്രസംഗ ശിൽപ്പം – സ്ത്രീ (രാമായണം) . സാംബശിവൻ രചിച്ച കൃതികൾ : ദിവ്യതീർത്ഥം , അർത്ഥം , വ്യാസനും മാർക്സും (നോവൽ) , കഥാപ്രസംഗം അമേരിക്കയിൽ (യാത്രാവിവരണം) , കഥാവേദിയുടെ കാൽച്ചിലമ്പൊലി (ആത്മകഥാപരമായ സ്മരണകൾ) , കഥാപ്രസംഗ കലാവിദ്യ (പഠനം)
സാംബശിവനെ സംബന്ധിച്ച പുസ്തകങ്ങൾ : സാംബശിവന്റെ ജീവിതരേഖ (ജീവചരിത്രം) ഗ്രന്ഥ: പ്രൊഫ. വസന്തകുമാർ സാംബശിവൻ , സാംബശിവൻ ശതാവധാനി (ജീവചരിത്രം) ഗ്രന്ഥ: ശ്രീ. കടയ്ക്കോട് വിശ്വംഭരൻ , വി സാംബശിവന്റെ കഥാപ്രസംഗങ്ങൾ (അനീസ്യ , ഒഥല്ലൊ) ,
വി സാംബശിവൻ – പാവങ്ങളുടെ പാട്ടുകാരൻ (ജീവചരിത്രം) ഗ്രന്ഥ : വി സുബ്രമണ്യൻ , വി സാംബശിവനും കഥാപ്രസംഗകാലവും – ഗ്രന്ഥ: ഡോ വസന്തകുമാർ സാംബശിവൻ .

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment