2500 ൽ അധികം കിലോമീറ്റർ ഒറ്റക്ക് കാറോടിച്ചു വരിക. ഒറ്റക്കു തന്നെ മോഷണം നടത്തുക . കിട്ടുന്ന പണം പാവങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കും കൊടുക്കുക , നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുക , ഗ്രാമങ്ങളിലെ ജനബാഹുല്യമുള്ള സ്ഥലങ്ങളിലെ ഊടുവഴികൾ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി കൊടുക്കുക തുടങ്ങി ഒരു വമ്പൻ നന്മ മരമാണ് ഇന്നലെ കൊച്ചി പൊലിസിൻ്റെ പിടിയിലായ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ . സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്നും ഒരു കോടിയോളം മൂല്യമുള്ള ആഭരണങ്ങളും പണവുമായിരുന്നു കഴിഞ്ഞ ദിവസം ഇർഫാൻ കവർന്നത്.
കേരള പൊലിസിൻ്റെ കിരീടത്തിലെ ഒരു പൊൻ തൂവൽ കൂടിയായി ഇർഫാൻ്റെ അറസ്റ്റ് . അതിവേഗ നീക്കങ്ങളിലൂടെ മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ ഇരുമ്പഴിക്കുള്ളിലാക്കി കേരള പൊലിസ് ഞെട്ടിച്ചു . ജോഷിയുടെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ഫോണുകളിലെ ഡി ഡി ആർ വിവരങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം മുന്നോട്ടു പോയത്.
മഹാരാഷ്ട്ര സംസ്ഥാന രജിസ്ട്രേഷനുള്ള ചുവന്ന ബോർഡ് വച്ച കാറിലായിരുന്നു ഇർഫാൻ്റെ സഞ്ചാരം . അധ്യക്ഷൻ , സീതാമർഹി ജില്ലാപഞ്ചായത്ത് എന്ന ചുവന്ന ബോർഡ് അതിർത്തികളിൽ നൽകുന്ന സുരക്ഷിതത്വം അയാൾ പരമാവധി ഉപയോഗിച്ചു. പരിശോധനകളിൽ നിന്നൊക്കെ ഒഴിവായി എന്നതാണ് ഇതിലൂടെ കിട്ടിയ വലിയ ഗുണം . കൊച്ചി പൊലിസിൻ്റെ അറിയിപ്പ് കിട്ടിയതോടെ ഉഡുപ്പി , മംഗലാപുരം മേഖലകളിൽ കർണാടക പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തി . ഇങ്ങനെയാണ് ഉഡുപ്പിയിൽ വച്ച് ഇർഫാൻ പിടിയിലാകുന്നതും . വാഹനത്തിൽ നിന്നു തന്നെ മോഷണ മുതലുകൾ കിട്ടുകയും ചെയ്തു.
