പെട്ടിക്കട പൊളിച്ച് ഒരു രൂപയുടെ നാണയമൊഴികെ ബാക്കിയെല്ലാം കവർന്ന് മോഷ്ടാവ് . പത്തനംതിട്ട ജില്ലയിൽ മുട്ടംകാവ് സ്വദേശിയും രോഗിയുമായ മല്ലികയ്ക്കാണ് ഇതോടെ ജീവിതം വഴിമുട്ടിയത് . പെട്ടിക്കടയിൽ ആകെ ഉണ്ടായിരുന്ന അടയ്ക്ക , വെറ്റില , സിഗരറ്റ് , ചെറുനാരങ്ങ , പഞ്ചസാര എന്നിവയടക്കം കള്ളൻ എടുത്തുകൊണ്ടുപോയി . വായ്പാ തവണ അടയ്ക്കാൻ കരുതി വച്ചിരുന്ന 14,000 രൂപയും കൂട്ടത്തിൽ എടുത്തു . കടയിലുണ്ടായിരുന്ന മിഠായികൾ ഭരണിയിൽ നിന്ന് പേപ്പറിൽ തട്ടിയിട്ട് കൊണ്ടുപോയി. ഭരണികൾ അവിടെ തന്നെ തിരികെ വച്ചു.
ഒരു രൂപയുടെ ഒരു നാണയം കടയിലെ ചില്ലറകൾ ഇട്ടുവയ്ക്കുന്ന പെട്ടിയിൽ തന്നെ തിരികെ വച്ചിരുന്നു. നട്ടെല്ലിന് ആരോഗ്യപ്രശ്നമുള്ളതിനാൽ മല്ലികയ്ക്ക് കായികാധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യാൻ കഴിയില്ല . അങ്ങനെയാണ് ഉപജീവന മാർഗമായി പെട്ടിക്കട തുടങ്ങിയത് . മോഷ്ടാവിനെ കണ്ടെത്താൻ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.