മോഷ്ടാവ് എന്ന് തെറ്റിദ്ധരിച്ച് കേസിലകപ്പെട്ട് മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്ന യുവാവ് , ജയിൽ മോചിതനായതോടെ ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിൽ അഞ്ചൽ ടൗണിലെ ഓട്ടോ തൊഴിലാളിയായിരുന്ന രതീഷ് (37) ആണ് മരിച്ചത്.അഞ്ചൽ ടൗണിലെ മെഡിക്കൽ സ്‌റ്റോറിൽ മോഷണം നടത്തി എന്നാരോപിച്ചാണ് രതീഷ് പൊലീസ് പിടിയിലാകുന്നത്. എന്നാൽ മാസങ്ങൾക്കു ശേഷം യഥാർത്ഥ പ്രതിയെ പിടി കൂടിയതോടെ കോടതി രതീഷിനെ മോചിപ്പിച്ചിരുന്നു.
ഇതിനിടയിൽ രതീഷിൻ്റെയും കുടുംബത്തിൻ്റേയും വരുമാന മാർഗമായിരുന്ന ഓട്ടോ നശിച്ചു . കേസു നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ കടബാധ്യതയും അപമാനവുമുണ്ടായി.ജയിൽ മോചിതനായ രതീഷ് അപമാനഭാരത്താലും ശാരീരിക – മാനസിക ബുദ്ധിമുട്ടുകളാലുമാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയും രണ്ടു പെൺകുട്ടികളുമുണ്ട് രതീഷിന് .
