ജയിലിൻ്റെ മതിൽക്കെട്ടിനുള്ളിലേക്ക് ബീഡി , മദ്യം , ചെമ്മീൻ റോസ്റ്റ് എന്നിവ വലിച്ചെറിഞ്ഞ ആളെ പൊലിസ് അറസ്റ്റു ചെയ്തു . മോഷണ കുറ്റത്തിന് മൂവാറ്റു പുഴ സബ് ജയിലിൽ കിടക്കുന്ന തൻ്റെ സഹോദരനു വേണ്ടിയാണ് സാധനങ്ങൾ ജയിൽ വളപ്പിനുള്ളിൽ എറിഞ്ഞതെന്ന് തൃക്കാക്കര എച് എം ടി കോളനിയിൽ താമസിക്കുന്ന വിനീത് പൊലിസിനോട് പറഞ്ഞു.
ജയിലിൽ കിടക്കുന്ന സഹോദരനെ കാണാൻ എത്തിയ വിനീത് ജയിലിൽ കയറുന്നതിനു മുന്നേയാണ് ഒരു പൊതിയിൽ ഒരു കുപ്പിമദ്യവും കുപ്പി വെള്ളവും മറ്റൊരു പൊതിയിൽ 15 പായ്ക്കറ്റ് ബീഡിയും തീപ്പെട്ടിയും വേറൊരു പൊതിയിൽ ഏഴു പായ്ക്കറ്റ് ചെമ്മീൻ റോസ്റ്റ് എന്നിവ മതിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞത്. ജയിലിലെ അടുക്കള ഭാഗത്തായിട്ടാണ് സാധനങ്ങൾ വീണു കിടന്നത്. പൊലിസ് കൂടുതൽ അന്വേഷണം തുടങ്ങി.