ഓർമയിലെ ഇന്ന്; ഏപ്രിൽ – 17, എൻ എൽ ബാലകൃഷ്ണൻ

At Malayalam
4 Min Read

നിശ്ചല ഛായാഗ്രാഹകനും നടനുമായിരുന്ന എൻ എൽ ബാലകൃഷ്ണന്റെ 82-ാം ജന്മവാർഷികമാണിന്ന്

മലയാള സിനിമയിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമായിരുന്ന നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ എന്ന എൻ എൽ ബാലകൃഷ്ണൻ . ഓർക്കാപ്പുറത്ത് , പട്ടണപ്രവേശം
തുടങ്ങി നിരവധി സിനിമകളിൽ
വലിയ ശരീരവുമായി കുലുങ്ങി കുലുങ്ങി നായകനെ ഇട്ട് ഓടിക്കുന്ന , അതിനിടയില്‍ ഉരുണ്ടുവീണ് ചിരിപ്പിക്കുന്ന തടിയനായ വില്ലന്‍ . അല്ലെങ്കില്‍ അഞ്ചോ ആറോ കോഴിമുട്ട ഒറ്റയടിക്കു വിഴുങ്ങുന്ന , ഇരുപത് ചപ്പാത്തി ഒറ്റയ്ക്കു കഴിക്കുന്ന തമാശക്കാരന്‍ തടിയന്‍ . എന്‍ എല്‍ ബാലകൃഷ്ണനെന്ന സിനിമാ നടനെ മിക്കവാറും സിനിമാപ്രേമികള്‍ ഓര്‍ക്കുന്നത് ഇങ്ങനെയൊക്കെയാകും , ഓര്‍മയില്‍ വരുന്നത് ഇങ്ങനെയുള്ള രംഗങ്ങളായിരിക്കും . എന്നാല്‍ ഇതൊന്നുമല്ലാത്തൊരു എന്‍ എല്‍ ബാലകൃഷ്ണനുണ്ട്. ‘ബാലണ്ണനെന്നും’ ‘ബാലേട്ടനെന്നും’ മോഹന്‍ലാലടക്കമുള്ള നടന്മാര്‍ വിളിക്കുന്ന , അരവിന്ദനും ഭരതനും പത്മരാജനുമെല്ലാം സ്നേഹിക്കുകയും ബഹുമാനിക്കയും ചെയ്ത കലാകാരന്‍ , ഫോട്ടോഗ്രാഫര്‍ , എഴുത്തുകാരന്‍.

- Advertisement -

1942 ഏപ്രിൽ 17 ന് തിരുവനന്തപുരം പൗഡിക്കോണത്താണ്‌ നാരായണൻ – ലക്ഷ്മി ദമ്പതികളുടെ മകനായി ബാലകൃഷ്ണൻ ജനിച്ചത് . 1965 ൽ ദി മഹാരാജാസ്‌ സ്‌ക്കൂൾ ഓഫ്‌ ആർട്‌സിൽ (ഇന്നത്തെ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌) ഡ്രോയിംഗ്‌ & പെയിന്റിംഗ്‌ ഡിപ്ലോമ കരസ്ഥമാക്കി. തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ , ശിവൻസ്‌ സ്റ്റുഡിയോ , രൂപലേഖാ സ്റ്റുഡിയോ , കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളിൽ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു . ബോയിസ്‌ ഔൺ ഓഫ്‌ കേരള എന്ന അനാഥാലയത്തിൽ റവ. ഫാദർ ബ്രാഹാൻസയുടെ കീഴിൽ കുട്ടികൾക്ക്‌ ഫോട്ടോഗ്രാഫിയും പെയിന്റിംഗും പരിശീലിപ്പിച്ചു . 1968 മുതൽ 1979 വരെ 11 വർഷക്കാലം കേരള കൗമുദി ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസിൽ സ്റ്റാഫ്‌ ഫോട്ടോഗ്രാഫറായും ജോലി ചെയ്‌തു. ജി അരവിന്ദൻ , അടൂർ ഗോപാലകൃഷ്‌ണൻ ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ നിശ്ചലഛായാഗ്രാഹകനായി ജോലി ചെയ്‌തു.

കള്ളിച്ചെല്ലമ്മയില്‍ തുടങ്ങിയ ആ യാത്ര ഒരു സിനിമയില്‍ നിന്ന് അടുത്തതിലേക്ക് , ഒരു സൗഹൃദത്തില്‍ നിന്ന് പലതിലേക്ക് എന്ന മട്ടില്‍ പടര്‍ന്നു . ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയിൽ പതിയാത്ത മുഖങ്ങള്‍ കുറവായിരുന്നു . “വ്യൂ ഫൈന്‍ഡറില്‍ നോക്കാതെ അലസമട്ടില്‍ അദ്ദേഹം ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണുമ്പോള്‍ സംശയം തോന്നും.. പക്ഷേ ക്യാമറയില്‍ പകര്‍ത്തേണ്ട ചിത്രം ബാലന്റെ മനസ്സിന്റെ കണ്ണില്‍ നേരത്തേ പതിഞ്ഞിട്ടുണ്ടാവും . ഡാര്‍ക്ക് റൂം കടന്നു വരുമ്പോള്‍ ആ ജീവന്‍ ചിത്രത്തില്‍ കാണാം” – ഇത് തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പറഞ്ഞതാണ്. നടീനടന്മാരെ പോസ് ചെയ്യിപ്പിച്ച് നിശ്ചലദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനു പകരം ചിത്രീകരണത്തിനിടയിൽ തന്നെ നിശ്ചലദൃശ്യം പകര്‍ത്തുന്ന രീതിക്ക് തുടക്കമിട്ടതും എന്‍ എല്‍ ബാലകൃഷ്ണനാണ് . എത്രമേല്‍ ആഴമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഫ്രയിമുകള്‍ എന്നറിയാന്‍ ചിദംബരം , കൊടിയേറ്റം , ഒരിടത്തൊരു ഫയല്‍വാന്‍ , പെരുവഴിയമ്പലം എന്നീ സിനിമകളുടെയൊക്കെ നിശ്ചലദൃശ്യങ്ങള്‍ കണ്ടാല്‍ മതിയാവും .

പല സിനിമകളും ഓര്‍മിക്കപ്പെടുന്നത് പോലും ഈ നിശ്ചലദൃശ്യങ്ങളിലൂടെയാവും . സിനിമയിലെ രംഗങ്ങളോടൊപ്പം അണിയറപ്രവര്‍ത്തകരുടെ , കഥാപശ്ചാത്തലത്തിന്റെയൊക്കെ തുടിപ്പ് പകര്‍ത്തിയ ബാലകൃഷ്ണനെ ‘സിനിമാ ചരിത്രക്കാരന്‍’ എന്നു വിശേഷിപ്പിക്കാറുണ്ടായിരുന്നു . മുന്നൂറോളം സിനിമകളുടെ നിശ്ചലഛായഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. സൗഹൃദങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ക്യാമറയ്ക്കു മുന്‍പിലെത്തിയത് . ‘സ്വപ്നാടനം’ എന്ന ചിത്രത്തില്‍ മുഖം കാണിച്ചെങ്കിലും 1986ല്‍ പുറത്തിറങ്ങിയ രാജീവ് അഞ്ചലിന്റെ അമ്മാനം കിളിയായിരുന്നു ആദ്യത്ത പ്രധാന ചിത്രം . തുടര്‍ന്ന് നൂറ്റമ്പതിലേറെ സിനിമകള്‍ . പട്ടണപ്രവേശം , ജോക്കര്‍ , ഓര്‍ക്കാപ്പുറത്ത് , ‍ഡാ തടിയാ , കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ , മാനത്തെ കൊട്ടാരം ഇങ്ങനെ , ആ വലിയ ശരീരത്തിന്റെ തമാശകളും സാധ്യതകളും ആവോളം ഉപയോഗപ്പെടുത്തിയ നിരവധി കഥാപാത്രങ്ങള്‍ . ബാലണ്ണന്റെ തന്നെ വാക്കില്‍ പറഞ്ഞാല്‍ “നല്ലൊരു വിഷ്വല്‍ ഇഫക്ടായിരുന്നു – ആ തടി . ആ ശരീരത്തിലിടിച്ച് ഓട്ടോ മറിയുമ്പോഴുണ്ടാക്കുന്ന കയ്യടികള്‍ അതിനുദാഹരണമാണല്ലോ . ഭാര്യ നളിനിക്കൊപ്പം ,
സൗഹൃദങ്ങളില്‍ അഭിരമിച്ച , അതിനെ ആഘോഷമാക്കിയ എന്‍ എല്‍ ബാലകൃഷ്ണന്റെ ജീവിതവും ഓര്‍മകളും മലയാള സിനിമയിലെ ഒരു വലിയ കാലത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് . അരവിന്ദനും അടൂരിനും പത്മരാജനും ജോണ്‍ എബ്രഹാമിനും ലെനിന്‍ രാജേന്ദ്രനും ഭരതനുമടങ്ങുന്ന മലയാളത്തിലെ പ്രതിഭാധനരായ സിനിമാപ്രവര്‍ത്തകരുടെകൂടെ ഒരേപോലെ സഞ്ചരിച്ച , അങ്ങനെയൊരാള്‍ എന്‍ എല്‍ ബാലകൃഷ്ണനു ശേഷമോ മുന്‍പോ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

- Advertisement -

കല്‍ക്കത്തയിലെ ഹൗറ ബ്രിഡ്ജില്‍ നിന്ന് താഴെ ഗംഗയിലേക്ക് പാതിരാത്രി മൂത്രമൊഴിച്ചത് , ഗുരു നിത്യചൈതന്യയതിയുടെ അടുത്ത് നിന്ന് മദ്യപിക്കാന്‍ പണം വാങ്ങാന്‍ ചെന്നത് , എം ടിയോടൊപ്പം മദ്യപിക്കാന്‍ കഴിയാത്തതില്‍ ദുഖിച്ചത്. അങ്ങനെ ആഘോഷമാക്കിയ കാലത്തെ ബാലണ്ണൻ്റെ ഓര്‍മകള്‍ പോലും വ്യത്യസ്തമാണ് . അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാര്‍ വിശേഷിപ്പിച്ച പോലെ വലിയൊരു ശരീരത്തിന്റെയെന്ന പോലെ വലിയൊരു കലാപാരമ്പര്യത്തിന്റെ , കലാനുഭവങ്ങളുടെ കൂടി ഉടമയായിരുന്നു . മദ്യം കൊണ്ടും സൗഹൃദം കൊണ്ടും കല കൊണ്ടും ജീവിതം ആഘോഷമാക്കിയ എന്‍ എൽ ന്റെ അവസാനകാലം പക്ഷേ ദുരിതപൂര്‍ണമായിരുന്നു. പ്രമേഹവും അര്‍ബുദവും ബാധിച്ച മലയാളിയുടെ പ്രിയപ്പെട്ട തടിയന്റെ ചിത്രങ്ങള്‍ വേദനിപ്പിക്കുന്നതായിരുന്നു . അതിലും സങ്കടമായിരുന്നു ഭക്ഷണത്തിനും മരുന്നിനും പോലും അദ്ദേഹം സഹായം തേടുകയാണെന്ന വാര്‍ത്ത . 2014 ഡിസംബര്‍ 25 ന് അന്തരിച്ചു . വലിയ ശരീരവും കുട്ടികളുടെ മനസ്സും കഴുത്തിലൊരു ക്യാമറയുമായി മലയാള സിനിമയുടെ അണിയറകളില്‍ ജീവിതം ആഘോഷമാക്കിയ, ഇനിയൊരിക്കലും ആവര്‍ത്തിക്കാനിടയില്ലാത്ത അപൂര്‍വമായൊരു കാല്‍പ്പാടിന്റെ കടന്നുപോക്കായിരുന്നു അത്.

Share This Article
Leave a comment