ഓർമയിലെ ഇന്ന്- ഏപ്രിൽ 8- തോപ്പിൽ ഭാസി

At Malayalam
3 Min Read

മലയാള നാടക പ്രസ്ഥാനത്തിന് മൗലികമായ ചുവടുകൾ സംഭാവന നൽകിയ തോപ്പിൽ ഭാസിയുടെ 100-ാം ജന്മവാർഷികമാണിന്ന്

‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന ഒറ്റ നാടകത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ – കലാ രംഗത്തും നാടകം , തിരക്കഥ , ചെറുകഥ , ആത്മകഥ , ചലച്ചിത്ര സംവിധാനം എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച തോപ്പിൽ ഭാസ്കരപിള്ള എന്ന തോപ്പിൽ ഭാസി.

1924 ഏപ്രിൽ 8 ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു . ചങ്ങൻകുളങ്ങര സംസ്കൃതസ്കൂളിൽ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു . തിരുവനന്തപുരം ആയുർവേദ കോളേജിൽനിന്ന് വൈദ്യകലാനിധിയും പാസായി . പഠനകാലത്ത് വിദ്യാർഥി കോൺഗ്രസിൽ അംഗമായിരുന്നു . സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട് . 1946-ലെ പുന്നപ്ര വയലാർ സമരത്തോടെ കോൺഗ്രസിൽ നിന്ന് അകന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു .

ഭൂവുടമകൾക്കെതിരെ കർഷകരെ അണിച്ചേർത്ത് നടത്തിയ സമരത്തിന്റെ ഭാഗമായ കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന സമയത്താണ് മുന്നേറ്റം , നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നിവ എഴുതുന്നത് . 1952 ഡിസംബർ 6 ന് കെ പി എ സി
യുടെ രണ്ടാമത്തെ നാടകമായി ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അരങ്ങിലെത്തി . പിന്നീട് 4,000-ത്തോളം വേദികളിൽ ഈ നാടകം അവതരിപ്പിച്ചു . നാടകരംഗത്ത് കെ പി എ സി യ്ക്ക് ഒരു മേൽവിലാസം നേടിക്കൊടുക്കാൻ ഈ നാടകത്തിനായി . മലയാള നാടകരംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച കെ പി എ സി യുടെ രണ്ടാമത്തെ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി . ശൂരനാട് ഡിഫൻസ് ഫണ്ടിലേക്ക് പണം സംഭരിക്കാൻവേണ്ടി സോമൻ എന്ന തൂലികാനാമത്തിലാണ് തോപ്പിൽ ഭാസി ഈ നാടകം എഴുതി പ്രസിദ്ധീകരിച്ചത്. കെ പി എ സി ഈ നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അടൂർ ജയിലിൽ ലോക്കപ്പിലായിരുന്നു അദ്ദേഹം.

- Advertisement -

പ്രമാദമായ ശൂരനാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നാടകത്തിൽ നിന്നും പിരിഞ്ഞുകിട്ടിയ കാശെല്ലാം ചെലവഴിച്ചതും ശൂരനാട് പ്രതികളുടെ കേസ് നടത്തിപ്പിനു തന്നെയായിരുന്നു . ഭൂവുടമകൾക്കെതിരേ കർഷകത്തൊഴിലാളികളെ അണിനിരത്തി സംഘടിപ്പിച്ച വിപ്ലവസമരമായിരുന്നു ശൂരനാട് സമരം. ഭാസിയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. അദ്ദേഹം ഒളിവിൽപോയ കാലത്ത് എഴുതിയതാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്നത് . കേരളത്തിലെ വേദികളിൽ നിന്നും വേദികളിലേക്ക് വിശ്രമമില്ലാതെ ആ നാടകം ജൈത്രയാത്ര തുടർന്നപ്പോൾ കെ പി എ സിയുടെ സാധ്യത മനസ്സിലാക്കി അതിനായി 16 നാടകങ്ങൾ ഭാസി എഴുതിക്കൊടുത്തു . 1960-70 കാലഘട്ടത്തിൽ കേരളമൊട്ടാകെ ആ നാടകങ്ങളുമായി യാത്രചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുള്ളതും നാടകത്തെ സാധാരണക്കാരന്റെ വിവേകത്തിനനുസൃതമായി ചിട്ടപ്പെടുത്തിയതുമായിരുന്നു ഭാസി എന്ന നാടകകൃത്തിന്റെ വിജയം . കേരളത്തിലെ ഏതെങ്കിലുമൊരു വേദിയിൽ കളിക്കാത്ത ഒരൊറ്റ നാടകവും അദ്ദേഹത്തിന്റേതായിട്ടില്ല എന്നതാണ് തോപ്പിൽഭാസി എന്ന പ്രതിഭയുടെ കഴിവ് . മുടിയനായ പുത്രൻ , മൂലധനം , അശ്വമേധം , ശരശയ്യ , പുതിയ ആകാശം പുതിയ ഭൂമി , തുലാഭാരം , കയ്യും തലയും പുറത്തിടരുത് , പാഞ്ചാലി , സർവേക്കല്ല് , രജനി , ഇന്നലെ ഇന്ന് നാളെ , സൂക്ഷിക്കുക ഇടതു വശം ചേർന്ന് പോകുക ഉൾപ്പെടെ അവതരിപ്പിച്ച നാടകങ്ങളിൽ പതിനെട്ടെണ്ണവും തോപ്പിൽ ഭാസി രചിച്ചവയാണ് . നാടകത്തിനു പുറമേ നൂറിലധികം സിനിമകൾക്കും തിരക്കഥ എഴുതി . 16 സിനിമകൾ സംവിധാനം ചെയ്തു . 25 ലധികം കൃതികളും രചിച്ചു.

കേന്ദ്ര സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട് . 1953-ൽ വള്ളികുന്നം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും 1954 – ലും 57 – ലും നിയമസഭാംഗവുമായിരുന്നു . ചെറുകഥകളും ഒളിവിലെ ഓർമകൾ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നാടകനടനായിരുന്ന തോപ്പിൽ കൃഷ്ണപിള്ള സഹോദരനാണ് . മുൻ സ്പീക്കർ ശങ്കരനാരായണൻ തമ്പിയുടെ അനന്തരവൾ അമ്മിണി അമ്മയാണ് സഹധർമ്മിണി . ചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായിരുന്ന അജയൻ മകനാണ് . 1992 ഡിസംബർ 8 ന് അന്തരിച്ചു.

Share This Article
Leave a comment