ഓർമയിലെ ഇന്ന്: ഏപ്രിൽ -08: എ എം രാജ

At Malayalam
3 Min Read

മലയാളിയുടെ മനസ്സില്‍ മായാത്ത മുദ്രപതിപ്പിച്ച ഗായകന്‍ എ എം രാജയുടെ 35-ാം ചരമവാര്‍ഷികമാണിന്ന്.

മലയാളം , തമിഴ് , തെലുങ്ക് , കന്നഡ , സിംഹള സിനിമകളില്‍ നിറ സാന്നിധ്യമായിരുന്ന പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ ഏയ്മല മന്മദരാജു രാജ എന്ന എ എം രാജ . പുതുതലമുറയ്ക്ക് അത്ര പരിചയമില്ലെങ്കിലും മലയാളികള്‍ ഇന്നും നെഞ്ചിലേറ്റുന്ന ഒട്ടനവധിഗാനങ്ങള്‍ക്ക് സുന്ദര ശബ്ദം നല്‍കിയ ഗായകന്‍.

പെരിയാറേ പെരിയാറേ…. (ഭാര്യ) ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…… (ഭാര്യമാര്‍ സൂക്ഷിക്കുക) പാലാഴിക്കടവില്‍ നീരിട്ടിനിറങ്ങിയ…. (കടലമ്മ) കണ്‍മണി നീയെന്‍ കരംപിടിച്ചാല്‍.. (കുപ്പിവള) ചന്ദനപ്പല്ലക്കില്‍ വീടു കാണാന്‍ വന്ന…. (പാലാട്ടുകോമന്‍) മയില്‍പ്പീലി കണ്ണുകൊണ്ട്….. (കസവുതട്ടം) പാലാണ് തേനാണ്….പഞ്ചാരപ്പാലു മിഠായി ആര്‍ക്കു വേണം….. ( ഇത് യേശുദാസും പാടിയിട്ടുണ്ട് ) ദേവതാരു പൂത്ത നാളൊരു ദേവകുമാരിയെ… (മണവാട്ടി) കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍… (വെളുത്ത കത്രീന) താഴമ്പൂ മണമുള്ള തണുപ്പുള്ള….. (അടിമകള്‍) ആകാശഗംഗയുടെ കരയില്‍ (ഓമനക്കുട്ടന്‍) കിഴക്കേ മലയിലെ വെണ്ണിലാവൊരു…. തുടങ്ങിയ ഭാവസാന്ദ്രവും ഹൃദ്യവുമായ എത്രയോ ഹിറ്റ് ഗാനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സുന്ദരനാദം ജീവനേകി.

1929 ജൂലൈ ഒന്നിന് മാധവ രാജയുടെയും എ എം ലക്ഷ്മിയുടെയും മകനായി ആന്ധ്രയിലെ ചിത്തൂരില്‍ ജനിച്ചു . മദ്രാസ് പച്ചൈയപ്പാസ് കോളജില്‍ പഠിക്കുമ്പോള്‍ തന്നെ സ്വന്തമായി പാട്ടുകള്‍ ട്യൂണ്‍ ചെയ്ത് പാടി . കെ വി മഹാദേവന്റെ പശ്ചാത്തല സംഗീതത്തോടെ റെക്കോഡാക്കി.
ഈ പാട്ട് റേഡിയോയില്‍ കേട്ട ജമിനി സ്റ്റുഡിയോ ഉടമ വാസന്‍ , രാജയെ സംസാരം എന്ന ചിത്രത്തില്‍ പാടിച്ചു. ഇത് ഹിന്ദിയില്‍ ഡബ്ബ് ചെയ്തപ്പോള്‍ പാടിയതും അദ്ദേഹം തന്നെയായിരുന്നു . പ്രേംനസീറിനു വേണ്ടി 1952 ല്‍ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് മലയാള ചലച്ചിത്രപിന്നണി ഗാന രംഗത്ത് അദ്ദേഹം എത്തിയത് . കാലാന്തരത്തില്‍ പ്രേംനസീറിന്റെ ശബ്ദം യേശുദാസിന്റേതായി മാറിയപ്പോള്‍ രാജയുടെ ശബ്ദം സത്യനു വേണ്ടി ഉപയോഗിച്ചു തുടങ്ങി . സത്യന്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങളില്‍ രാജയാണ് പാടിയത്. തമിഴില്‍ എം ജി ആറിനും ശിവാജി ഗണേശനും വേണ്ടി നിരവധി ഗാനങ്ങള്‍ പാടിയെങ്കിലും ജെമിനി ഗണേശനുവേണ്ടിയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത് . ഗായകന്‍ മാത്രമല്ല സംഗീത സംവിധായകന്‍ കൂടിയാണ് എ എം രാജ .1959 ല്‍ ചന്ദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌ക്കാരം രാജയ്ക്ക് നല്‍കി . ഉമ്മ എന്ന ചിത്രത്തിലെ കദളി വാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ചു… എന്നുതുടങ്ങുന്ന പ്രസിദ്ധഗാനം പാടിയ ജിക്കി കൃഷ്ണവേണിയാണ് രാജയുടെ ഭാര്യ . ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പാടിയിട്ടുണ്ട്.

- Advertisement -
Rajah and his wife Jikki
A M Rajah and his wife Jikki

തെലുങ്കില്‍ ശോഭ എന്ന ചിത്രത്തിനു വേണ്ടി സംഗീതം നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു സംഗീത സംവിധാന രംഗത്തെ തുടക്കം . മലയാളത്തില്‍ ‘അമ്മ എന്ന സ്ത്രീ’ യുടെ സംഗീതം എ എം രാജയുടേതായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു . 1959-ല്‍ പുറത്തിറങ്ങിയ കല്യാണ പരിശ് , 1961-ല്‍ പുറത്തിറങ്ങിയ തേന്‍ നിലവ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ അതിമനോഹരമാണ്. അമ്മ എന്ന സ്ത്രീക്കു വേണ്ടി
പട്ടും വളയും പാദസരവും…. നാളെയീ പന്തലില്‍…. എന്നീ പാട്ടുകള്‍ അദ്ദേഹം പാടുകയും ചെയ്തു . പിന്നാലെ രാജ മലയാള ഗാനരംഗത്തു നിന്നും പതിയെ അകന്നുപോയി.
1989 ഏപ്രില്‍ 8-ന് കന്യാകുമാരി ജില്ലയിലെ കുറ്റാലുമ്മൂട് ഭഗവതിക്ഷേത്രത്തില്‍ ഒരു ഗാനമേള അവതരിപ്പിയ്ക്കാന്‍ സ്വന്തം ട്രൂപ്പുമായി വരുന്ന വഴിയില്‍ , വള്ളിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് വണ്ടിനിര്‍ത്തിയപ്പോള്‍
കൂടെയുള്ള ഒരാള്‍ വെള്ളം എടുക്കാന്‍ പോയി . അയാളെ കാണാതായതിനെത്തുടര്‍ന്ന് രാജ അന്വേഷിച്ചിറങ്ങി . അയാളെ കണ്ടെത്തി മടങ്ങിവരുന്നതിനിടെ
തീവണ്ടി പുറപ്പെട്ടതിനെ തുടര്‍ന്ന് ചാടിക്കയറാന്‍ ശ്രമിയ്ക്കുന്നതിനിടെ കാലിടറി വീണ് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ടാണ് അദ്ദേഹം മരിച്ചത്. ഉദയായുടെ സുവര്‍ണകാലത്ത് ഒട്ടേറെ പാട്ടുകള്‍ രാജ പാടി. മലയാളത്തില്‍ അധികം പാടിയത് ദേവരാജന്റെ സംഗീത സംവിധാനത്തിലായിരുന്നു.

വേറിട്ട ശബ്ദം , കൗമാരം വിടാത്ത ശബ്ദം ; അതായിരുന്നു എ എം രാജയുടെ സവിശേഷത . റ , ര തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ഛാരണത്തിലെ നേരിയ വൈകല്യങ്ങള്‍ ഒഴിവാക്കിയാല്‍ തനി മലയാളി ഗായകനായിരുന്നു രാജ .

മോഹിപ്പിക്കുന്ന ശബ്ദ സൗകുമാര്യം ഇല്ലായിരുന്നെങ്കില്‍ യേശുദാസും ജയചന്ദ്രനും കൊടികുത്തിവാണ മലയാള ചലച്ചിത്ര ഗാനരംഗത്ത് സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ രാജയ്ക്ക് ആവുമായിരുന്നില്ല . അദ്ദേഹം എണ്ണത്തില്‍ കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടില്ല . പക്ഷേ , പാടിയവയെല്ലാം മാധുര്യമൂറുന്ന ഗൃഹാതുര ഈണങ്ങളുമായി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment