മലയാള സിനിമയെ ഇന്ന് ഓരോ സിനിമാസ്വാദകരും അത്ഭുതത്തോടും അഭിമാനത്തോടും നോക്കി കാണുകയാണ്. ഈ വർഷം നാല് ഹിറ്റുകളാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. ഒസ്ലർ തുടങ്ങി വച്ച വിജയഗാഥ പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് വഴി എത്തി നിൽക്കുന്നത് ആടുജീവിതത്തിലാണ്. ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ച് 100 കോടി ക്ലബ്ബിൽ എത്തുകയും ചെയ്തു. അതും റിലീസ് ചെയ്ത് വെറും ഒൻപത് ദിവസത്തിൽ.
മലയാളസിനിമയിലെ സര്‍വകാല റെക്കോര്‍ഡുകളാണ് ആടുജീവിതം വെറും ഒൻപതു ദിവസത്തിൽ മറികടന്നിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 100 കോടി പിന്നിടുന്ന മലയാള ചിത്രമെന്ന നേട്ടമാണ് ആടുജീവിതം ഇതോടെ സ്വന്തമാക്കിയത്. 2024ൽ മലയാളത്തിലിറങ്ങിയ മൂന്നാമത്തെ ചിത്രമാണ് 100 കോടി ക്ലബിൽ കയറുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ സീസണ്‍ പോലും ബാധിക്കാത്ത വിധത്തിലുള്ള കലക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദി, തെലുങ്ക്, ഹോളിവുഡ് ഹിറ്റ് ചിത്രങ്ങളെ അഡ്വാന്‍സ് ബുക്കിങ്ങിലും മറികടന്ന് ഇന്ത്യയില്‍ത്തന്നെ ഒന്നാം സ്ഥാനത്താണ് ആടുജീവിതം. കരീന കപൂര്‍, തബു തുടങ്ങിയവര്‍ അഭിനയിച്ച ഹിറ്റ് ചിത്രം ‘ക്രൂ’, അനുപമ പരമേശ്വരൻ നായികയായെത്തിയ സൂപ്പര്‍ ഹിറ്റ് തെലുങ്കു ചിത്രം ‘ടില്ലു സ്‌ക്വയർ’, ഹോളിവുഡ് ചിത്രം ‘ഗോഡ്‌സില്ല x കോങ്: ദ ന്യൂ എംപയർ’, വിജയ് ദേവരകൊണ്ടയുടെ ‘ദ ഫാമിലി സ്റ്റാർ’ തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് ആടുജീവിതത്തിന്റെ രണ്ടാം വാരത്തിലെ കുതിപ്പ്.
മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ സിനിമ റിലീസ് ചെയ്തിരുന്നു. ഫെബ്രുവരിയിലിറങ്ങിയ പ്രേമലുവും മഞ്ഞുമ്മൽ ബോയ്സും മികച്ച കലക്ഷൻ നേടി പ്രദർശനം തുടരുന്നതിന് ഇടയിലാണ് ആടുജീവിതം കൈവരിച്ച ഈ ആഗോള നേട്ടം.
ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നേവലിനെ അടിസ്ഥാനമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ സിനിമ ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടാണ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തെ സ്വീകരിക്കാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ഓസ്കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.