ചലച്ചിത്ര ഗാനരചയിതാവ് തിരുനയിനാർകുറിച്ചി മാധവൻ നായരുടെ 59-ാം ചരമവാർഷികമാണിന്ന്.
മലയാളത്തിലെ ആദ്യകാല ചലച്ചിത്ര ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ . കവി, അധ്യാപകൻ , തിരക്കഥാകൃത്ത് , അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം ശോഭിച്ചിട്ടുണ്ട് . 1916 ഏപ്രിൽ 16 ന് കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു ജനനം . 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ രചിച്ചു . ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ
ആത്മവിദ്യാലയമേ….. ഭക്തകുചേലയിലെ
ഈശ്വര ചിന്തയിതൊന്നേ….. എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു . തുടർന്ന് രചിച്ച
സംഗീതമീ ജീവിതം….കരുണതന്‍ മണിദീപമേ….കളിയാടും പൂമാല…..കൃഷ്ണാ മുകുന്ദാ വനമാലി…..ഈശ്വര ചിന്തയിതൊന്നേ….നാളെ നാളെയെന്നായിട്ട്…..തുമ്പപ്പൂ പെയ്യണ…..പൂങ്കുയില്‍ പാടിടുമ്പോള്‍…..നമസ്തേ കൈരളി….പൂവണി പൊയ്കയിൽ….. തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികൾ ഗൃഹാതുരതയോടെ കേൾക്കുന്ന ഗാനങ്ങളാണ് . മുരളി എന്ന തൂലികാനാമത്തിൽ നിരവധി ദേശഭക്തിഗീതങ്ങളും രചിച്ചിട്ടുണ്ട്.
മലയാളം വിദ്വാൻ പരീക്ഷ ജയിച്ച അദ്ദേഹം കുളച്ചൽ , തിരുവട്ടാർ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു . 1948-ൽ തിരുവിതാംകൂർ റേഡിയോ നിലയത്തിന്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹവും പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂർ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പോഴും അമരത്തു തന്നെ ഉണ്ടായിരുന്ന മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ആകാശവാണിയിൽ ജീവനക്കാരനായി . പല ഭാഷകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ് ഗാനരചനയിലേക്കു തിരിഞ്ഞത് . ആത്മസഖി എന്ന ചിത്രത്തിനുവേണ്ടി എഴുതിയ കന്നിക്കതിരാടും നാൾ…. ആണ് ആദ്യഗാനം . ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു .
കേരളത്തിലെ രണ്ടാമത്തെ സിനിമ നിർമ്മാണ കമ്പനിയായ മെരിലാന്റ് സ്റ്റുഡിയോയുടെ ആദ്യചിത്രമായിരുന്നു ‘ആത്മസഖി’. മെരിലാന്റിന്റെ സ്ഥാപകൻ പി. സുബ്രഹ്മണ്യവുമായി ആത്മബന്ധം സ്ഥാപിച്ച അദ്ദേഹം തുടർന്ന് മെരിലാന്റിന്റെ നിരവധി ചിത്രങ്ങളിൽ ഗാനരചന നിർവ്വഹിച്ചു . പാടാത്ത പൈങ്കിളി , ആത്മസഖി , പൊൻകതിർ , അവകാശി , ആനവളർത്തിയ വാനമ്പാടി തുടങ്ങിയവയാണ് മാധവൻ നായർ ഗാനരചന നിർവ്വഹിച്ച പ്രധാന ചിത്രങ്ങൾ. ഇവയിൽ ബഹുഭൂരിപക്ഷത്തിനും ഈണമിട്ടത് ബ്രദർ ലക്ഷ്മണനായിരുന്നു . കമുകറ പുരുഷോത്തമനാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ കൂടുതലും ആലപിച്ചത് . ഉമ്മിണിത്തങ്ക , കണ്ണുനീരിന്റെ കാവ്യം തുടങ്ങി നിരവധി കാവ്യങ്ങളും കറുത്ത കൈ , കാട്ടുമൈന എന്നീ ചിത്രങ്ങൾക്കു തിരക്കഥയും രചിച്ചിട്ടുണ്ട് .
1965 ഏപ്രിൽ 1ന് അന്തരിച്ചു.
