നമ്മുടെ ഭക്ഷണ വിഭവങ്ങളിലെ പ്രധാന ചേരുവകളില്‍ ഒന്ന് മഞ്ഞളാണ്. ഭക്ഷണത്തിന് നിറത്തിനും രുചിക്കും വേണ്ടി മാത്രമല്ല ഉത്തമമായ ഒരു വിഷഹാരിയായതു കൊണ്ടു കൂടിയാണ് ആഹാരത്തില്‍ മഞ്ഞള്‍ നമുക്ക് നിര്‍ബന്ധമായത്. മസാലക്കൂട്ടുകളിലെ പ്രധാന സ്ഥാനവും ഇക്കാരണങ്ങളാല്‍ തന്നെ മഞ്ഞളിനുണ്ട്. മികച്ച അണുനാശിനി കൂടിയായ മഞ്ഞളിന് മംഗളകര്‍മങ്ങളിലും പ്രത്യേക സ്ഥാനമുണ്ട്. സാധാരണയായി ലഭിക്കുന്ന മഞ്ഞള്‍ കൂടാതെ കസ്തൂരി മഞ്ഞള്‍, കരിമഞ്ഞള്‍, മഞ്ഞള്‍ കൂവ എന്നിവക്കും ആയുര്‍വ്വേദത്തില്‍ പ്രമുഖ സ്ഥാനം കല്പ്പിച്ചു നല്‍കിയിട്ടുണ്ട്. മഞ്ഞള്‍ കിഴങ്ങുകള്‍ കഴുകി ശുദ്ധജലത്തില്‍ പുഴുങ്ങി വെയിലത്തോ ഡ്രയറിലോ നന്നായി ഉണ്ടക്കിയെടുത്ത് പൊടിയാക്കിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
മഞ്ഞള്‍ ചെടിയുടെ ഇലകള്‍ സാധാരണ ഉപയോഗിക്കാറില്ല. എന്നാല്‍ തേങ്ങ,ശര്‍ക്കര, മാവ് എന്നിവ ചേര്‍ത്തു അട ഉണ്ടാക്കുന്നതിന് മഞ്ഞള്‍ ചെടിയുടെ ഇലകള്‍ ഉപയോഗിച്ചാല്‍ രുചിയ്ക്കൊപ്പം ഔഷധ ഗുണവും ലഭിക്കുമത്രേ. ഏറ്റവും കൂടുതല്‍ പഠന പരീക്ഷണങ്ങള്‍ നടന്നിട്ടുള്ള മഞ്ഞളില്‍ നിന്ന് ഏകദേശം പതിനാറോളം രാസഘടകങ്ങള്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. മഞ്ഞളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്റെ ഔഷധഗുണങ്ങള്‍ വളരെ വലുതാണ്.
പ്രമേഹം, ചര്‍മരോഗങ്ങള്‍ , വിഷം എന്നിവയുടെ ചികിത്സകള്‍ക്കായി ആയുര്‍ വേദം,മഞ്ഞള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ പിഴിഞ്ഞ മുണ്ട് (പീതാംബരം) ഗുരുദേവന് നിഷ്കര്ഷിച്ചതും മഞ്ഞളിന്റെ അണുനാശക ശക്തി മുന്‍ നിര്‍ത്തി തന്നെ. ഭക്ഷണത്തില്‍ മഞ്ഞള്‍ ശീലമാക്കാന്‍ ഇനി മടിക്കേണ്ടതില്ല; മഞ്ഞളിലയും വെറുതേ കളയണ്ട.
