ഓർമയിലെ ഇന്ന്, മാർച്ച് 27 – ലക്ഷ്മി എൻ മേനോൻ

At Malayalam
2 Min Read

സ്വതന്ത്ര ഭാരതത്തിൽ
കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികമാണിന്ന്.

ഇന്ത്യയിലെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രി, കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത എന്നീ നിലകളിൽ പ്രശസ്തയായ, ബീഹാറിൽ നിന്നും 14 വർഷം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്‌മി എൻ മേനോൻ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം ശബ്ദമുയർത്തിയ വ്യക്തിയാണ്. 1899 മാർച്ച്‌ 27 ന് രാമവർമ്മ തമ്പാന്റെയും മാധവിക്കുട്ടി അമ്മയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. ച​രി​ത്ര​ത്തി​ൽ​ ​ബി.​എ​ ​ഓ​ണേ​ഴ്സും​ ​സാ​മ്പ​ത്തി​ക​ ​ശാ​സ്ത്രം,​ ​സാ​മൂ​ഹി​ക​ ​ശാ​സ്ത്രം​ ​എ​ന്നി​വ​യി​ൽ​ ​മാ​സ്റ്റ​ർ​ ​ബി​രു​ദ​വു​മെ​ടു​ത്ത​ ശേഷം​ ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക് പോയ ലക്ഷ്മിയ്ക്ക് ഇംഗ്ലണ്ടിലെ പഠനകാലത്ത് സോവിയറ്റ് യൂണിയനിലെ പത്താം വാർഷികത്തോട് അനുബന്ധിച്ച് വിദ്യാർത്ഥി പ്രതിനിധികളിലൊരാളായി പങ്കെടുക്കാൻ അവസരം ലഭിച്ചു. അവിടെ വെച്ച് നെഹ്രുവുമായി പരിചയപ്പെട്ട അവരെ നെഹ്‌റു രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചതോടെയാണ് ലക്ഷ്മിയുടെ ജീവിതത്തതിൽ വഴിത്തിരിവുണ്ടാകുന്നത്.

ഇന്ത്യയിൽ തിരിച്ചെത്തിയിട്ട് ഡൽഹിയും ബീഹാറും കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. വിദേശകാര്യ മന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ച അവർ 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായി പ്രവർത്തിച്ചു.

വിദേശകാര്യ വിഷയങ്ങളിൽ അസാമാന്യ പ്രാവിണ്യമുണ്ടായിരുന്ന ലക്ഷ്മി എൻ മേനോൻ ഇന്ത്യ- ചൈന യുദ്ധ സമയത്ത് ലോകരാഷ്ട്രങ്ങളോട് ഇന്ത്യക്ക് വേണ്ടി സംസാരിക്കുന്നതിൽ ബുദ്ധിപരമായ ഇടപെടൽ നടത്തി. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടറായി ലക്ഷ്‍മി സേവനമനുഷ്ഠിക്കുമ്പോഴാണ് രാജ്യത്ത് സ്ത്രീകൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയ വിപ്ലവകരമായ നീക്കമുണ്ടായത്. 1930-ൽ പ്രൊഫസർ വി.കെ. നന്ദൻ മേനോനെ വിവാഹം കഴിച്ചു, അദ്ദേഹം പിന്നീട് തിരുവിതാംകൂർ സർവ്വകലാശാലയുടെയും (1950-1951) പട്‌ന സർവ്വകലാശാലയുടെയും വൈസ് ചാൻസലറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ഡയറക്ടറുമായി. ആൾ ഇന്ത്യ വിമൻസ് കോൺഫ്രൻസിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച ലക്ഷ്മി എൻ മേനോന് 1957-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഐക്യരാഷ്‌ട്ര സഭയുടെ വനിതാ ശിശുക്ഷേമ വിഭാഗത്തിന്റെ അദ്ധ്യക്ഷയായും ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ന​യ​ത​ന്ത്ര​ ​പ്ര​തി​നി​ധി​യായും അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള മദ്യനിരോധന സമിതിയുടെ ആദ്യ പ്രസിഡന്റു കൂടിയായിരുന്നു ലക്ഷ്മി. സ്ത്രീകൾക്കിടയിലെ നിരക്ഷരത ഇല്ലാതാക്കുന്നതിനുള്ള അഖിലേന്ത്യാ കമ്മിറ്റി പ്രസിഡന്റായും 1972 മുതൽ 1985 വരെ കസ്തൂർബ ഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർമാനായും പ്രവർത്തിച്ചു.

- Advertisement -

1967 ൽ രാഷ്ട്രീയ സേവനത്തിൽ നിന്നു വിരമിച്ച ശേഷം, സാമൂഹ്യപ്രവർത്തനത്തിലേക്കും എഴുത്തിലേക്കും അവർ തിരിഞ്ഞു. `ദ പൊസിഷന്‍ ഓഫ്‌ വുമണ്‍’ എന്നൊരു ഗ്രന്ഥത്തിന്റെ രചയിതാവു കൂടിയാണ് ലക്ഷ്മി. ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ സമുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പുസ്തകം അവർ രചിച്ചത്. 1994 നവംബർ 30 ന് അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment