നമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ടു തനിമയിലും നിവർന്നു നിൽക്കാൻ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും മലയാളിയെ പ്രചോദിപ്പിച്ച അതിയാരത്ത് കുഞ്ഞുണ്ണി നായർ എന്ന കുഞ്ഞുണ്ണിമാഷ്.
“പൊക്കമില്ലായ്മയാണെന്റെ പൊക്കം” എന്ന് തന്റെ പൊക്കമില്ലായ്മയെ കുറിച്ചു പറഞ്ഞ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10 ന് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കുഞ്ഞുണ്ണി മാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953 ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982 ൽ അദ്ധ്യാപന രംഗത്തുനിന്നു വിരമിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിലും ബാലമാസികയായ മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തിയും എഴുതിത്തുടങ്ങി. കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി.
കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നതിനാൽ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. സ്കൂൾ വിദ്യാർത്ഥിയായിരുന്ന സമയത്ത് തുള്ളൽക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.
മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്നു മാറി ഋജുവും കാര്യമാത്ര പ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട 25 കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു. ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളതിനാൽ ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. എന്നാൽ
ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്.
ഭാഷാശുദ്ധിയും ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണ മാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചൊല്ല്, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്.
വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. 2006 മാർച്ച് 26 ന് അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.
വിവിധങ്ങളായ പല കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം. “രാക്ഷസനിൽനിന്നു – രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു -റ ഈച്ചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം”
“പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി” വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നും എഴുതിയിട്ടുണ്ട്
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (1974, 1984)
സംസ്ഥാന ബാലസാഹിത്യ അവാർഡ് (1982)
വാഴക്കുന്നം അവാർഡ് (2002), വി.എ.കേശവൻ നായർ അവാർഡ് (2003), കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുൻനിർത്തി 1988-ലും 2002 -ലും പുരസ്കാരങ്ങൾ സമ്മാനിച്ചു. ഭൂമിഗീതം എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
കഥാകാരനും ചിത്രകാരനുമായ കുഞ്ഞുണ്ണി പൊതുവേ അപരിചിതനാണ്.ഇദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും വർണ്ണ ചിത്രങ്ങളും നൂറോളം വരുമെങ്കിലും അവയെയെല്ലാം ക്രമത്തിൽ സൂക്ഷിക്കുവാനോ പ്രദർശിപ്പിക്കാനോ തുനിഞ്ഞിരുന്നില്ല. എണ്ണച്ചായം, ജലച്ചായം, ഇങ്ക് തുടങ്ങിയവയായിരുന്നു ചിത്രം വരയ്ക്ക് ഉപയോഗിച്ചിരുന്നത്. നാടോടി ചിത്രകലയെ കൂടുതൽ അവലംബിച്ചിരുന്നതായി കാണാം. പൂക്കൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെല്ലാം ചിത്രരചനയിൽ കാണാമെങ്കിലും അവയുടെ വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ ആന്തരിക സൗന്ദര്യം മാത്രം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചിത്രരചനാ ശൈലി. പ്രിയപ്പെട്ടവർക്കായി തന്റെ ചിത്രങ്ങൾ സമ്മാനിച്ചിരുന്നതു കൊണ്ട് അവയിൽ പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ പെടുന്നു.
കൃതികൾ : ഊണുതൊട്ടുറക്കം വരെ, പഴമൊഴിപ്പത്തായം, കുഞ്ഞുണ്ണിയുടെ കവിതകൾ, വിത്തും മുത്തും, കുട്ടിപ്പെൻസിൽ, നമ്പൂതിരി ഫലിതങ്ങൾ, രാഷ്ട്രീയം, കുട്ടികൾ പാടുന്നു, ഉണ്ടനും ഉണ്ടിയും, കുട്ടിക്കവിതകൾ, കളിക്കോപ്പ്, പഴഞ്ചൊല്ലുകൾ, പതിനഞ്ചും പതിനഞ്ചും, അക്ഷരത്തെറ്റ്, ‘ കവിതകൾ, മുത്തുമണി, ചക്കരപ്പാവ, കു’ഞ്ഞുണ്ണി ‘, കദളിപ്പഴം, നടത്തം, കലികാലം, ചെറിയ, കുട്ടിക്കവിതകൾ .