ഓർമയിലെ ഇന്ന് : മാർച്ച് – 24 വി ഡി രാജപ്പൻ

At Malayalam
3 Min Read

പാരഡി ഗാനങ്ങളുടെ ശില്പി വി.ഡി. രാജപ്പന്റെ 8-ാം ചരമവാർഷികം കഥാപ്രസംഗത്തെ ഹാസ്യരൂപത്തില്‍ ജനകീയമാക്കിയ വെള്ളിക്കുഴിയിൽ ദേവദാസൻ രാജപ്പൻ എന്ന വി.ഡി. രാജപ്പൻ മേഖലയിലെ പ്രശസ്ഥനാണ്.

പാരഡിയെന്ന ഗാനവിഭാഗത്തിന് ഒരു സിനിമാ ഗാനത്തോളം അല്ലെങ്കിൽ അതിലേറെ ജനപ്രീതിയും മാന്യതയും നൽകിയതിൽ രാജപ്പനുള്ള പങ്ക് ഒന്നാം സ്ഥാനത്താണ്.

ജനക്കൂട്ടങ്ങളെ പിടിച്ചിരുത്തിയ കഥപറച്ചിലുകാരനായിരുന്നു വി.ഡി.രാജപ്പൻ. ഏതു കൊമ്പത്തെ കാഥികനെയും കീഴടക്കുമെന്ന ഈഗോയുമായി നിന്നവരെ നോക്കി അയാൾ ഇങ്ങനെ പാടി.

” കല്ലെടുത്തു കീച്ചരുതേ നാട്ടാരേ…
എല്ലു വലിച്ചൂരരുതേ നാട്ടാരേ….
കപ്പയ്ക്കിട വഴി കവുങ്ങിനിടവഴിയോടും ഞാൻ.
കല്ലെടുത്തു കീച്ചരുതേ നാട്ടാരേ….” എറിഞ്ഞു കൊല്ലാൻ നിന്നവരൊക്കെ മരുതമലൈമാമണിയേ ….എന്ന ഗാനത്തിൻ്റെ ഈണത്തിലുള്ള അപേക്ഷ കേട്ടപ്പോൾ ചിരിച്ചു മരിച്ചു. എറിയുക എന്ന് ഗമയിൽ നിന്ന് കീച്ചുക എന്ന നാടൻ ഭാഷയിലേക്ക് എത്തിച്ചത് ജനങ്ങൾക്ക് ഏറേ പ്രിയങ്കരമായി.

- Advertisement -

പ്രിയേ നിന്റെ കുരയും കുമാരി എരുമയും മാക് മാക്കും ചികയുന്ന സുന്ദരിയും എന്നെന്നും കുരങ്ങേട്ടന്റെയും പോലെ നിരവധി പാരഡികളും കഥാപ്രസംഗങ്ങളും ഒരുകാലത്ത് മലയാളത്തിന്റെ ആവേശമായിരുന്നു. ഒറിജിനൽ ഗാനങ്ങളെ പോലും പാരഡിയാക്കി പാടി ജനപ്രിയതയിൽ പിന്തള്ളിയ ചരിത്രമുള്ള, പാരഡിയെന്നു കേട്ടാൽ നെറ്റി ചുളിക്കുന്ന അരസിക മാന്യന്മാരുടെ ചുണ്ടിൽ പോലും പാരഡി ഈണങ്ങൾ പാടിപ്പിക്കാൻ കഴിഞ്ഞ പാരഡിഗാനങ്ങളുടെ പെരുന്തച്ചനാണ് വി ഡി.

വി.സാംബശിവനും കെടാമംഗലം സദാനന്ദനും കൊല്ലം ബാബു എന്നിവരെ പോലുള്ള അതികായന്മാർ കഥാപ്രസംഗ വേദിയിൽ കെടാവിളക്കുകളായി കത്തിനിൽക്കുന്ന കാലത്തായിരുന്നു കഥാപ്രസംഗ കലയിൽ രാജപ്പന്റെയും അരങ്ങേറ്റം. പത്താം ക്ലാസ് പോലും പാസായിട്ടില്ലാത്ത കോട്ടയം ചന്തയ്ക്കകത്തെ ബാർബർഷോപ്പിൽ ജോലി ചെയ്തിരുന്ന രാജപ്പൻ അവിടെ വരുന്ന സുഹൃത്തുക്കളെ രസിപ്പിക്കാനായി പാരഡിപ്പാട്ടുകൾ പാടിക്കേൾപ്പിച്ചിരുന്നു. അവരുടെ പ്രോത്സാഹനം കലാലോകത്തേക്കുള്ള വാതിൽ തുറന്നു. 1974 ൽ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത് ഹാസ്യ കഥാപ്രസംഗം അവതരിപ്പിച്ചുകൊണ്ട് സ്വയം തയ്യാറാക്കിയ പാരഡിപ്പാട്ടുകളുടെ അകമ്പടിയോടെ വേദിയിലെത്തി.
പണമില്ലാതിരുന്നതിനാൽ, ഒരു തബലയും ഹാർമോണിയവും സിംബലും മാത്രം കഥാപ്രസംഗത്തിനു പിന്നണിയായി. മനുഷ്യർക്ക് പകരം മൃഗങ്ങളായാരുന്നു കഥാപാത്രങ്ങൾ. വെറും പാട്ടിനു പകരം ഹിറ്റ് ഗാനങ്ങളുടെ പാരഡികളെ കൂട്ടുപിടിച്ചു. പിന്നീട് വി.ഡി രാജപ്പന്‍ യുഗമായിരുന്നു. മൃഗങ്ങളുടേയും വാഹനങ്ങളുടെയും ശബ്ദവും ജീവിതവും പറഞ്ഞ് രാജപ്പന്‍ മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ചികയുന്ന സുന്ദരി, പോത്തുപുത്രി, മാക്ക്‌ മാക്ക്, കുമാരി എരുമ, ലഹരിമുക്ക്‌, നമുക്ക് പാർക്കാൻ ചന്ദനക്കാടുകൾ , പ്രിയേ നിന്റെ കുര, എന്നെന്നും കുരങ്ങേട്ടന്റെ , അവളുടെ പാർട്സുകൾ, അമിട്ട്, ആനമയക്കി ,അക്കിടി പാക്കരൻ തുടങ്ങി നിരവധി കഥാപ്രസംഗങ്ങള്‍. രാജപ്പന്റെ പാട്ടും ഹാസ്യവും പരിഹാസവും കേട്ട് നൂറുകണക്കിന് ആസ്വാദകരിരുന്നു. രാജപ്പന്റെ ചുവടുപിടിച്ച് പിന്നീട് പാരഡിപ്പാട്ടുകളുടെ ഒരു കുത്തൊഴുക്കായിരുന്നു. വിദേശത്തും പരിപാടികൾ അവതരിപ്പിച്ചു. പതുക്കെ വേദികളില്‍ നിന്ന് സിനിമയിലേക്ക് ചേക്കേറിയ രാജപ്പനെ തേടി നിരവധി കോമഡി വേഷങ്ങൾ വന്നു. ആദ്യ സിനിമ പ്രദർശനത്തിന് എത്താത്ത കാട്ടുപോത്ത് ,തുടർന്ന് കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാൻ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്. മാണി സി.കാപ്പൻ 2005 ൽ നിർമിച്ച നഗരവധുവിലാണ് അവസാനമായി അഭിനയിച്ചത്.

1944 ജനുവരി 3 ന് ദേവദാസൻ, വാസന്തി ദമ്പതികളുടെ പുത്രനായി കോട്ടയത്ത്‌ ജനനം. കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു വി.ഡി.രാജപ്പന്റെ ബാല്യം. സ്കൂൾ പഠനകാലത്ത്, സമീപത്തെ കടയിൽ ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് രാജപ്പൻ പാരഡിപ്പാട്ടുകളെഴുതാനുള്ള സ്വന്തം കഴിവ് ആദ്യം പരീക്ഷിച്ചത്.

കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി… എന്നു തുടങ്ങുന്ന സിനിമാപ്പാട്ടിനാണ് പാരഡി പാടിയത്. കാപ്പി കടുംകാപ്പി… എന്നു തുടങ്ങുന്നതായിരുന്നു പാരഡിഗാനം. അന്നു ജനപ്രീതി നേടിയ പാട്ടുകൾക്കെല്ലാം അദ്ദേഹം പാരഡിഗാനങ്ങൾ തയ്യാറാക്കി. തന്റെ നല്ല പാട്ടുകളെ പാടി നശിപ്പിച്ചുവെന്ന് യേശുദാസ് പരാതി പറഞ്ഞിട്ടും അവർ ഗാനഗന്ധർവനെപ്പോലെ തന്നെ രാജപ്പനു വേണ്ടിയും കാത്തുകെട്ടിക്കിടന്നു. രണ്ടു മണിക്കൂർ വരെ ഒറ്റനിൽപ്പിൽ നിന്ന് കഥ പറഞ്ഞു രാജപ്പൻ. മനപ്പാഠമാക്കിയാണ് ഇക്കണ്ട പാരഡിയൊക്കെ പാടിയത്. പാരഡിപ്പാട്ടിനെയും കോമഡികഥാപ്രസംഗത്തെയും കേരളമാകെ തരംഗമാക്കിയ താരമായിരുന്നു സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് പറന്നിരുന്ന രാജപ്പൻ. വി.ഡി.രാജപ്പൻ കത്തി നിന്ന കാലത്ത് രാജപ്പൻ കഥ പറയാൻ വന്ന അമ്പലപ്പറമ്പിലും പള്ളിമുറ്റത്തുമൊക്കെ കല്ലെടുത്തെറിയാൻ നിന്നവരെ പോലും കഥ പറഞ്ഞയാൾ കയ്യിലെടുത്തു. അവിടൊക്കെ പൂഴി വാരിയിട്ടാൽ താഴെ വീഴാത്ത ആൾക്കൂട്ടമായി. വീഡിയോ സി.ഡികള്‍ അരങ്ങു വാഴും മുമ്പ് 1980- 90 കാലഘട്ടങ്ങളിൽ കസറ്റു കടകളിൽ കഥാപ്രസംഗത്തിന്റെ കസെറ്റ് ഇറങ്ങുമ്പോൾ നൊടിയിടകൊണ്ട് വിറ്റുപോയി. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പിന്നീട് കഥാപ്രസംഗ വേദിയില്‍ നിന്നും ചലച്ചിത്രരംഗത്ത് നിന്നും അദ്ദേഹം മെല്ലെ പിന്‍വാങ്ങി. വര്‍ഷങ്ങളോളം അസുഖങ്ങളോട് മല്ലടിച്ച് ആ അപൂര്‍വ്വ കലാപ്രതിഭ 2016 മാര്‍ച്ച് 24ന് വിടവാങ്ങി

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment