അസമിൽ സ്വദേശികളാകാൻ നിബന്ധനകളുമായി മുഖ്യമന്ത്രി

At Malayalam
1 Min Read

അസമിലെ ബംഗ്ലാദേശ് മുസ്ലീം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാനുള്ള നിബന്ധനകള്‍ മുന്നോട്ടുവെച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമീസ് സ്വദേശികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉപേക്ഷിക്കണമെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കരുതെന്നുമാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ച നിബന്ധനകള്‍. ഈ മാസം ആദ്യം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിനു പിന്നാലെയാണ് ഹിമന്ത ശര്‍മയുടെ പരാമര്‍ശം.

കുട്ടികളെ മദ്രസയില്‍ പഠിപ്പിക്കാന്‍ അയക്കുന്നതിനു പകരം ഡോക്ടര്‍മാരും എഞ്ചിയര്‍മാരുമാക്കാന്‍ പഠിപ്പിക്കണം. പെണ്‍കുട്ടികളെ സ്‌കൂളിലേക്കയക്കുകയും അവരുടെ പിതാവിന്റെ സ്വത്തില്‍ അവകാശം നല്‍കണമെന്നും ഹിമന്ത ആവശ്യപ്പെട്ടു. ‘മിയാസ്’ (ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങള്‍) തദ്ദേശീയരാണോ അല്ലയോ എന്നതു വേറെ കാര്യം. ഞങ്ങള്‍ പറയുന്നത് അവര്‍ ‘സ്വദേശി’കളാകാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല എന്നാണ്. പക്ഷേ അതിന് അവര്‍ ശൈശവ വിവാഹം ഉപേക്ഷിക്കണം. കൂടാതെ ബഹുഭാര്യത്വം ഉപേക്ഷിക്കുകയും സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും ഹിമന്ത ശര്‍മ പറഞ്ഞു.

- Advertisement -

ബഹുഭാര്യാത്വം അസമീസ് സംസ്‌കാരമല്ല. തങ്ങളുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി മുസ്ലീം കുടിയേറ്റക്കാര്‍ തയ്യാറായാലേ അവരെ അസം പൗരന്മാരായി അംഗീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളത് അസമിലാണ്. 2011ലെ സെന്‍സസ് പ്രകാരം അസമിലെ മൊത്തം ജനതയുടെ 34 ശതമാനവും മുസ്ലീങ്ങളാണ്.

Share This Article
Leave a comment