പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമർശിച്ചു. ഇപ്പോഴെങ്കിലും കോണ്‍ഗ്രസിന് ഇതില്‍ വ്യക്തമായ നിലപാടുണ്ടോയെന്നും അഖിലേന്ത്യാ തലത്തില്‍ പ്രതികരണം ഉണ്ടായോ എന്നും പിണറായി ചോദിച്ചു. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ രാജ്യമൊന്നാകെ പ്രതിഷേധിച്ചു. ഡിസംബര്‍ 10 ന് രാജ്യം തെരുവില്‍ ഇറങ്ങിയപ്പോള്‍ ചിലര്‍ പാര്‍ട്ടി അധ്യക്ഷയുടെ വീട്ടില്‍ വിരുന്ന് ഉണ്ണുകയായിരുന്നു. കോണ്‍ഗ്രസ് കുറ്റകരമായ മൗനം പാലിച്ചെന്നും പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയിലാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്.
പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഇക്കാര്യത്തിൽ എന്തെങ്കിലും നിലപാട് ഉണ്ടോ? ന്യായ് യാത്രയില്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചോ?ഖാര്‍ഗെ ആലോചിച്ച് പറയാം എന്ന് ചിരിച്ചു തള്ളി. പക്ഷെ നിങ്ങൾ ചിരിച്ചപ്പോൾള്‍ ഉള്ളം പൊള്ളിയവരെ നിങ്ങൾ കണ്ടോ? ഇത് എന്തേ നേരത്തെ നടപ്പാക്കാത്തത് എന്നാണ് കെ സി വേണുഗോപാല്‍ ചോദിച്ചത്. അതിന്റെ അര്‍ഥം ഇത് നടപ്പാക്കാം എന്നാണ്. കോണ്‍ഗ്രസിന്റെ ഈ ഒളിച്ചു കളി ആര്‍ എസ് എസിന് മാത്രമാണ് ഗുണം ചെയ്യുന്നത് എന്നു മറക്കരുത്.
നിരവധി സി പി എം – സി പി ഐ നേതാക്കള്‍ അന്ന് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ഇക്കാര്യത്തിൽ ലോക്‌സഭയില്‍ എ എം ആരിഫിന്റെ ശബ്ദം മാത്രമാണ് ഉയര്‍ന്നു കേട്ടത്. കേരളത്തില്‍ നിന്നുള്ള മഹാ ഭൂരിപക്ഷം അംഗങ്ങള്‍ സഭയുടെ മൂലയില്‍ പോയി ഒളിച്ചു. ഇടതു പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യസഭയിലും ഈ ബില്ലിനെ എതിര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ ശബ്ദം ഉയര്‍ന്നത് നമ്മള്‍ കേട്ടില്ല.
മതനിരപേക്ഷ രാഷ്ട്രം എന്നതില്‍ നിന്ന് മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രമം ബോധപൂര്‍വ്വം നടക്കുന്നു. ഇത് നേരത്തെയുള്ള അജണ്ടയുടെ ഭാഗമാണ്. ഓരോ തവണ രാജ്യം ഭരിക്കാന്‍ ബി ജെ പിക്ക് അവസരം കിട്ടിയപ്പോഴും അതു നടപ്പാക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതു. ഇപ്പോള്‍ ഇതു കൊണ്ടു വന്നത് മോദി ആണെങ്കിലും ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. മുന്‍ ബി ജെ പി ഭരണാധികാരികള്‍ അതിന് വേണ്ട കാര്യങ്ങള്‍ നേരത്തെ ചെയ്തുതുടങ്ങിയിരുന്നെന്നും പിണറായി പറഞ്ഞു.
കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കലാണ് ഈ നിയമം ലക്ഷ്യം വയ്ക്കുന്നത്. ലോകത്ത് ഒരിടത്തും മതാടിസ്ഥാനത്തില്‍ അഭയാര്‍ഥികളെ വേര്‍തിരിക്കാറില്ല.ഇത് ലോകത്തിനു മുമ്പില്‍ നമ്മളെ കുറ്റക്കാരാക്കുന്നു. അമേരിക്കയുടെ ഇഷ്ട തോഴനായാണ് മോദി നില്‍ക്കുന്നത്, എന്നിട്ടും ഈ നടപടിയെ അമേരിക്ക പോലും പരസ്യമായി തള്ളിപറഞ്ഞു. പല ലോകരാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നു. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത നയം സ്വീകരിച്ച രാജ്യമായി മറ്റ രാജ്യങ്ങള്‍ നമ്മെ കാണുന്നു. ഇത് ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.