കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ദുര്‍മന്ത്രവാദത്തിന്റെ കഥാകാരൻ കൂടിയാണത്രേ. ഓണ്‍ലൈന്‍ സൈറ്റിൽ, ആഭിചാരക്രിയകളിലൂടെ പെണ്‍കുട്ടിയെ സ്വന്തമാക്കുന്ന ഒരു ദുര്‍മന്ത്രവാദിയെ മുഖ്യകഥാപാത്രമാക്കിയാണ് നോവൽ എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഹാമാന്ത്രികമെന്നാണ് നോവലിന് പേരു നൽകിയത്. 2018 ല്‍ പ്രസിദ്ധികരിച്ച നോവല്‍ ഇതുവരെ അരലക്ഷത്തോളം പേർ വായിച്ചിട്ടുണ്ട്. നിതീഷ് പി ആര്‍ എന്ന തൂലികാ നാമത്തിലാണ് സൈറ്റില്‍ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ സൈറ്റില്‍ പ്രസിദ്ധികരിച്ച നോവലില്‍ അടിമുടി ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമാണ് ഇതിവൃത്തം. ഒരു നിഷ്‌ക്കളങ്കയായ പെണ്‍കുട്ടിയെ മാനസിക രോഗിയാക്കി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ദുര്‍മന്ത്രവാദിയും അയാളില്‍നിന്നും പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണു നോവലിലെ മുഖ്യ കഥാപാത്രങ്ങൾ.
ചലച്ചിത്രങ്ങളിലെ രംഗങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇയാള്‍ കുറ്റകൃത്യം ഒളിപ്പിച്ചു വയ്ക്കാന്‍ കഥയിൽ പശ്ചാത്തലമൊരുക്കിയത് . മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിൽ നായകന്‍ മൃതദേഹം പൊലീസ് സ്‌റ്റേഷനിലാണ് ഒളിപ്പിച്ചതെങ്കില്‍ ഇവിടെ മൃതദേഹം വീടിന്റെ തറയിലാണ് മറവു ചെയ്തത് എന്നു മാത്രം. കൂട്ടുപ്രതി പിടിയിലായ ദിവസം താന്‍ കൊച്ചിയിലായിരുന്നെന്നു കാണിക്കാന്‍ ബസ് ടിക്കറ്റു പൊലീസിനെ കാണിയ്ക്കുന്നതായും കഥയിലുണ്ട്.
2018ല്‍ ആറ് അധ്യായങ്ങളാണ് മഹാമാന്ത്രികമെന്ന പേരില്‍ നോവൽ എഴുതിയിരിക്കുന്നത്. പകുതിയില്‍ അവസാനിപ്പിച്ച നോവലിന്റെ ബാക്കി കഥ പ്രസിദ്ധീകരിക്കാൻ വായനക്കാര്‍ ആവശ്യപ്പെടുന്നുമുണ്ട്. മന്ത്രവാദത്തിലൂടെ രക്ഷസിനെ വിളിച്ചു വരുത്തുന്നതും താന്ത്രിക വിദ്യകളുമൊക്കെ നോവലില്‍ ഉണ്ട്. മറ്റു രണ്ട് നോവലുകള്‍ കൂടി നിതീഷ് എഴുതിയിട്ടുണ്ട്. എന്നാല്‍ ഇവയും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നതും നോവലെഴുത്തു മുടങ്ങുന്നതും.