അകാലത്തിൽ പൊലിഞ്ഞ കഥാകാരി ഗീതാ ഹിരണ്യന്റെ 66-ാം ജന്മവാർഷികം
ശക്തമായ ഇതിവൃത്തം കൊണ്ടും ആഖ്യാനം കൊണ്ടും മലയാള സാഹിത്യത്തിലെ വേറിട്ട ശബ്ദമായിരുന്ന , ജീവിതത്തെ കവിതയോളം കൊണ്ടെത്തിച്ച കഥാകൃത്തും കവിയും അധ്യാപികയുമായിരുന്നു ഗീതാ ഹിരണ്യൻ. 1974ൽ മാതൃഭൂമി വിഷുപതിപ്പിൽ വന്ന ദീർഘാപാംഗൻ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെട്ട അവർ പിന്നീട് ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം, ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം, അസംഘടിത എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായി. പെണ്ണെഴുത്തിന്റെ, വിപുല രാഷ്ട്രീയ ബോധത്തിന്റെ സുഖമുള്ള ലേഖനങ്ങളും ഗീത ഹിരണ്യൻ എഴുതിയിട്ടുണ്ട്. അധ്യാപകർ എഴുത്തുകാരായി തന്നെയാണ് ജനിക്കുന്നത്. ഒരു കുന്നോളം കുഞ്ഞുങ്ങൾക്കായി വായിക്കുമ്പോൾ അതിലിത്തിരി ആത്മാവിനെയും തൊട്ട് സ്വയം സാഹിത്യ രൂപത്തിൽ എഴുതാനാകുന്നവരാണ് മിക്ക അധ്യാപകരും, പ്രത്യേകിച്ച് സാഹിത്യം കൈകാര്യം ചെയ്യുന്ന അധ്യാപകർ. ഗീതാ ഹിരണ്യനും അത്തരം ഒരു അധ്യാപികയായിരുന്നു. പക്ഷെ അധ്യാപനവും എഴുത്തും പാതിവഴിയിൽ നിർത്തി എഴുത്തുകാരി അർബുദ രോഗം ബാധിച്ച് യാത്രയായപ്പോൾ അവർക്ക് 45 വയസ്സ് മാത്രമായിരുന്നു പ്രായം.
പറയുന്ന വിഷയം എന്ത് തന്നെയായാലും , വിലക്ഷണമായ, ഇഴഞ്ഞുനീങ്ങുന്ന, പാഴായ ഒരു വരിപോലും ഗീതാഹിരണ്യന്റെ കഥകളിൽ കാണില്ല. അവർ ഒരു മോശം കഥയും എഴുതിയിട്ടില്ല എന്നതാണ് വസ്തുത. മലയാളത്തിൽ ഗീതാഹിരണ്യന്റെ കഥകളിൽ നമ്മുടെ പഴയ കഥ പറച്ചിൽ പാരമ്പര്യത്തിന്റെ നർമ്മവും ലാളിത്യവും മൂർച്ചയുമുണ്ട്.
ആഖ്യാനത്തിന്റെ പുതുമയുള്ള, പരീക്ഷണാത്മകമായ മാതൃകയായിരുന്നു അവരുടെ കഥകൾ. പതിവു പ്രസിദ്ധീകരണങ്ങളിൽ കണ്ടു പരിചയിച്ചതുപോലെ അല്ലാത്ത കഥകളായത് കൊണ്ടാകും നമ്മുടെ നിരൂപക ഗൗരവങ്ങൾ ഗീതാഹിരണ്യന്റെ കഥകളെ വേണ്ടത്ര ഗൗനിച്ചില്ല. ഭാഷയിൽ ഇത്രയും ചുറുചുറുക്കുള്ള ഒരു എഴുത്തുകാരി ഗീതാഹിരണ്യനു മുമ്പും പിൻപും നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല.
ഗദ്യത്തിലുള്ള കയ്യടക്കം, ശീഘ്രത, നൈപുണ്യം, കുശലം, ആത്മവിശ്വാസം ഇതെല്ലാം ഗീതാഹിരണ്യനോളം കാണിച്ചിട്ടുള്ള ഒരു ആധുനിക എഴുത്തുകാരി ഉണ്ടോ എന്ന് സംശയമാണ്. ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ‘ഒരു ജന്മ സത്യം’ എന്ന കഥ ഒരു വീട്ടുജോലിക്കാരിയുടെ ആത്മഗതങ്ങളെ കുറിച്ചാണ് പറയുന്നത്, ‘അകത്തും പുറത്തും’ എന്ന കഥയില്‍ മൃഗശാല കാണാന്‍ പോകുന്ന കോണ്‍വെന്റ് സ്കൂള്‍ വിദ്യാര്‍ത്ഥികളെ അനുഗമിക്കുന്ന ഡില്‍വിയ എന്ന സ്ത്രീയുടെ വിചാരങ്ങളുമാണ്, ‘ഹൃദയ പരമാര്‍ത്ഥിയില്‍ ‘ ഒരു നവ വധുവിന്റേയും, ‘വാനപ്രസ്ഥ’ത്തില്‍ ഏകാന്ത വാസത്തിന്നു വിധിക്കപ്പെട്ട ഒരു വല്യമ്മയാണ് ആത്മവിചാരം നടത്തുന്നത്. അങ്ങനെ ഗീതയുടെ കഥകൾ എടുത്തു നോക്കിയാൽ സ്ത്രീ കഥാപാത്രങ്ങളുടെ ആത്മവിചാരങ്ങൾ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്നത് കാണാനാകും. കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് കോട്ടവട്ടത്ത് സി. ശ്രീധരൻ പോറ്റിയുടേയും വസുമതിദേവിയുടേയും മകളായി 1958 മാർച്ച് 20 ന് ജനിച്ചു. മലയാളത്തിൽ ബിരുദാന്തരബിരുദവും എംഫിലും കരസ്ഥമാക്കി. കേരളത്തിലെ വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായി നിയമിതയായെങ്കിലും ജോലിയിൽ തുടരാൻ രോഗം അനുവദിച്ചില്ല. കവിയും നിരൂപകനും അദ്ധ്യാപകനുമായ കെ.കെ. ഹിരണ്യൻ ഭർത്താവാണ്. 2002 ജനുവരി 2 ന് കാന്‍സര്‍ രോഗ ബാധിതയായി തൃശൂരില്‍ വച്ച് അന്തരിക്കുമ്പോൾ ഗീതയുടെ അവസാന പുസ്തകം ‘ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം’ എഴുതി കഷ്ടി പൂർത്തിയാക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ, പിന്നീട് മരണാനന്തരമാണ് അത് പ്രസിദ്ധപ്പെടുത്തിയത്. ഗീതാ ഹിരണ്യൻ എന്ന എഴുത്തുകാരിയ്ക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതി കേരളം സാഹിത്യ അക്കാദമി അവരുടെ പേരിൽ മരണാനന്തരം ഏർപ്പെടുത്തിയ എൻഡൊവ്മെന്റ് തന്നെയാണ്. ഒരു എഴുത്തുകാരിയ്ക്ക് മരണാനന്തരം സർക്കാരിൽ നിന്നു ലഭിക്കാവുന്ന മനോഹരമായ സമ്മാനം. “ഭൂമി കറങ്ങിത്തിരിഞ്ഞു തിരിഞ്ഞു പിന്നീടെനിക്ക് കറുത്ത വാവുകളെ കൊണ്ടു വന്നു കുന്നുമണി കിണ്ണത്തില്‍ ഇപ്പോള്‍ പകുതിപങ്ക് അഴലിന്റെ ചവര്‍പ്പ് കണ്ണീരിന്റെ ഉപ്പ്”.