മലയാളത്തിലെ പ്രതിഭാധനനായ കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അതുപോലെ സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അച്യുതൻ നമ്പൂതിരി ജനിച്ചത്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ.
അദ്ദേഹത്തിന്റെ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” എന്ന കൃതിയിലേതാണ് “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന പ്രശസ്തമായ വരികൾ. കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.