ചലച്ചിത്ര താരം ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച തൃശൂരിലെ ഇടത് സ്ഥാനാർഥി വി.എസ്.സുനിൽ കുമാറിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകി എൻഡിഎ. തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരൂപയോഗം ചെയ്തതായും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനിൽ കുമാറിനെ സ്ഥാനാർഥിയാക്കുന്നത് തടയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട സുനിൽകുമാർ ഇരുവരുമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ താൻ കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡർ ആണെന്നും തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണെന്നും വ്യക്തമാക്കി ടൊവിനോ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചതോടെ സുനിൽ കുമാർ ചിത്രം നീക്കം ചെയ്തു.