കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട് മെഡിക്കൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ വീട്ടിൽ കയറി ആക്രമിച്ച പ്രതികൾ പിടിയിലായി. ചോഴിയക്കോട് സ്വദേശികളായ എട്ടു പേരാണ് അറസ്റ്റിലായത്. പൂവാല ശല്യം സഹിക്കാനാവാതെ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പരിക്കേറ്റ് വീട്ടിൽ ചികിത്സയിലുള്ള പെൺകുട്ടിക്കു നേരെയാണ് വീണ്ടും അതിക്രമം .
എട്ടംഗ സംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തിൽ പെൺകുട്ടിക്കും അമ്മയ്ക്കും സഹോദരനും പരിക്കു പറ്റി. ശല്യം ചെയ്ത യുവാവിനെ പെൺകുട്ടിയുടെ സഹോദരൻ ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിതരാക്കിയത്. യുവാവിൻ്റെ പിതാവടക്കമുള്ളവരാണ് വീട് കയറി ആക്രമിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ അച്ചു, സജി, രജീബ്, ഉദയകുമാർ, വിഷ്ണു, ദീപു, ദിനു , അജി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോഴിയക്കോട് കൊച്ചരിപ്പ സ്വദേശിയായ പെൺകുട്ടിയെ ഒന്നാം പ്രതിയായ അച്ചു നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.
അച്ചുവും പെൺകുട്ടിയുടെ സഹോദരനുമായി കഴിഞ്ഞ ദിവസം രാത്രി തർക്കവും വാക്കേറ്റവുമുണ്ടായി. പിന്നീട് സംഘടിച്ചെത്തിയ പ്രതികൾ പെൺകുട്ടിയുടെ വീടുകയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ പ്രതികളിൽ അഞ്ചു പേരെ അരിപ്പ എണ്ണപ്പന എസ്റ്റേറ്റിൽ നിന്നാണ് പിടികൂടിയത്. മൂന്നു പേരെ കടയ്ക്കൽ ഭാഗത്തു നിന്നും പിടികൂടി. പ്രതികളിലൊരാളായ ഉദയകുമാർ കേസിലെ മുഖ്യപ്രതി അച്ചുവിന്റെ അച്ഛനാണ്. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.