തൃശൂരിൽ ജനിച്ചിട്ട് നാലു ദിവസം മാത്രം പ്രായമായ പശുക്കുട്ടി പാൽ ചുരത്തുന്നു! മാന്ദാമംഗലം സ്വദേശി തോട്ടാമറ്റത്തിൽ സ്കറിയയുടെ വീട്ടിലെ പശുവിനാണ് പാൽ ചുരത്തുന്ന പശുക്കുട്ടി പിറന്നത്.നാലു ദിവസം മുൻപാണ് പശുക്കുട്ടി ജനിച്ചത്. അന്നു മുതൽ കുട്ടിയുടെ അകിടിനു സാധാരണയിൽ കൂടുതൽ വലിപ്പമുണ്ടായിരുന്നു.
എന്നാൽ വീട്ടുകാർ അതു കാര്യമായി എടുത്തില്ല. കഴിഞ്ഞ ദിവസം അകിടു കൂടുതൽ വീർത്തതോടെ നീർക്കെട്ടാവും എന്നു കരുതി മാന്ദാമംഗലം മൃഗാശുപത്രിയിൽ എത്തിച്ചു.ആശുപത്രിയിൽ വെച്ച് ഡോക്ടർ നടത്തിയ പരിശോധനയിലാണ് പശുക്കുട്ടിയുടെ അകിടിൽ പാൽ നിറഞ്ഞ് കിടക്കുന്നത് കണ്ടെത്തിയത്.
തുടർന്ന് പാൽ കറന്ന് എടുക്കുകയും ചെയ്തു. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള പശുക്കുട്ടിക്ക് പാൽ ഉള്ളതായി കണ്ടെത്തുന്നത് തൻ്റെ സർവിസിലെ തന്നെ ആദ്യ സംഭവം ആണെന്നും, ഹോർമോണിൽ വന്ന വ്യതിയാനമാവാം ഇതിനു പിന്നിലെന്നും മൃഗ ഡോക്ടർ മനോജ് പറയുന്നു.