ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

At Malayalam
1 Min Read

ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശ മത്സരത്തിൽ മോഹന്‍ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ മൂന്നിനെതിരെ നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.നാലാം മിനിറ്റിൽ മോഹൻ ബഗാൻ തങ്ങളുടെ ആദ്യ ഗോളോടെ ആവേശത്തിന് തുടക്കം കുറിച്ചു. അര്‍മാന്‍ഡോ സാദികുവാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. ആദ്യപാതി അവസാനിക്കുമ്പോള്‍ മോഹൻ ബഗാൻ 1-0നു മുന്നിലായിരുന്നു. ഇതിനിടെ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും വല ചലിപ്പിക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അൻപത്തി നാലാം മിനിറ്റിൽ വിബിൻ മോഹന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തിയെങ്കിലും അടിക്ക് തിരിച്ചടിയായി അറുപതാം മിനിറ്റിൽ അര്‍മാന്‍ഡോ സാദികുവിന്റെ രണ്ടാം ഗോളിൽ മോഹൻ ബഗാൻ വീണ്ടും മുന്നിലെത്തുകയായിരുന്നു. കളംനിറഞ്ഞു കളിച്ചെങ്കിലും മോഹൻ ബഗാൻ പ്രതിരോധം ബ്ലാസ്‌റ്റേഴ്‌സിനെ വിരിഞ്ഞു മുറുക്കി. ഗാലറിയിൽ തിങ്ങിനിറഞ്ഞ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം ഇരട്ടിയാക്കി 63ാം മിനിറ്റിൽ ഡയമന്‍റക്കോസിന്റെ ചൂടൻ ഗോളിൽ സ്കോർ 2-2 ആയി. എന്നാൽ 68ാം മിനിറ്റിൽ മോഹൻ ബഗാൻ ഗോൾ മടക്കി. ദീപക് ടാൻഗ്രി ബ്ലാസ്റ്റേഴ്‌സ് ഗാലറിയെ നിശ്ശബ്ദമാക്കികൊണ്ട് ഒന്നാന്തരം ഗോൾ സ്വന്തമാക്കി.

മത്സരത്തിനും ഗാലറിക്കും ചൂട് പിടിച്ചപ്പോൾ ഇഞ്ചുറി സമയത്തിന്റെ ഏഴാംമിനിറ്റിൽ ജേസൺ കമ്മിങ്സ് നാലാം ഗോൾ നേടിയതോടെ മോഹൻ ബഗാൻ ഏകദേശം വിജയം ഉറപ്പിച്ചിരുന്നു. സ്കോർ 4-2. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ഡയമന്‍റക്കോസ് ഒരു ഗോളുകൂടി നേടി ബ്ലാസ്റ്റേഴ്സിന് ആശ്വാസമേകി എങ്കിലും ഫലം തോൽവി തന്നെ. സ്കോർ 4-3.

Share This Article
Leave a comment