തമിഴ് നടൻ ശരത് കുമാറിന്‍റെ ‘ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി’ ബിജെപിയില്‍ ലയിച്ചു. തീരുമാനം രാജ്യതാല്‍പര്യം കണക്കിലെടുത്താണെന്ന് ലയന ശേഷം ശരത് കുമാര്‍ പറഞ്ഞു. ലയനത്തിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശരത് കുമാർ ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം.
2007ലാണ് ശരത് കുമാർ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി പാർട്ടി രൂപീകരിച്ചത്. ഏറെക്കാലം എഐഎഡിഎംകെയുടെ സഖ്യകക്ഷിയായിരുന്നു. 2011 തെരഞ്ഞെടുപ്പിൽ പാർട്ടി രണ്ട് നിയമസഭാ സീറ്റുകളിൽ വിജയിച്ചിരുന്നു.നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ശരത് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തൃശൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശരത് കുമാര്‍ അറിയിച്ചിരുന്നു. ടിടിവി ദിനകരന്റെ എഎംഎംകെയും ബിജെപിയുമായി ചേർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.