മഞ്ഞുമ്മൽ ബോയ്സ്’ നൽകുന്ന സന്ദേശം ജയമോഹന്‍ എവിടെയും കണ്ടില്ല:പ്രിയദര്‍ശന്‍

At Malayalam
1 Min Read

മലയാള ചലച്ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സി’നെയും മലയാളികളെയും അധിക്ഷേപിച്ച തമിഴ്-മലയാളം എഴുത്തുകാരന്‍ ജയമോഹനെതിരെ സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ബ്ലോഗാണ് വിവാദമായത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയെ വിമര്‍ശിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതെങ്കിലും പിന്നീടങ്ങോട്ട് മലയാളികളയെും മലയാള സിനിമയെയും അടച്ച് ആക്ഷേപിക്കുന്ന വിധത്തിലാണ് ജയമോഹന്‍റെ പരാമര്‍ശങ്ങള്‍.

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന് പറയുന്ന സിനിമ നൽകുന്ന സന്ദേശം ജയമോഹന്‍ എവിടെയും കണ്ടില്ല. അഗാധമായ സൗഹൃദത്തിന്റെതും സമർപ്പണത്തിന്‍റെയും സന്ദേശമാണ് സിനിമ പങ്കുവെക്കുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. യുവതലമുറയ്ക്ക് ഇല്ലെന്ന് പലരും ആരോപിക്കുന്ന നന്മകളുടെ വിളംബരമാണ് മഞ്ഞുമ്മല്‍ ബോയ്സ്. നന്മയുടെ ഈ സൂര്യനെ ജയമോഹന്‍ മദ്യക്കുപ്പിയുടെ ചെറിയ അടപ്പു കൊണ്ട് മറയ്ക്കാൻ ശ്രമിച്ചത് ശരിയായില്ലെന്നും ഒരു കലാരൂപത്തെ സമീപിക്കേണ്ടത് അത് ആത്യന്തികമായി എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് എന്ന് നോക്കിയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

‘മഞ്ഞുമ്മൽ ബോയ്സ്’ മദ്യപാനത്തിന്റെ ഉണർത്തുപാട്ടല്ല. ആത്മ സൗഹൃദത്തിന്റെ സംഘഗാനമാണ്. ആ സംഘഗാനം പാടിയ കുട്ടികളെയാണ് താങ്കൾ പെറുക്കികൾ എന്ന് വിളിച്ചതെന്നും പ്രിയദര്‍ശന്‍ വിമര്‍ശിച്ചു. മദ്യപിക്കുന്ന മനുഷ്യരെല്ലാം അധമന്‍മാരാണെന്നും മദ്യപിക്കാത്തവര്‍ വിശുദ്ധന്മാരാണെന്നുമുള്ള അഭിപ്രായം തനിക്കില്ലെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a comment