കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധത്തിനിടയില്‍ എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സമരം നടത്തിയതിന്റെ പേരില്‍ പൊലീസ് നിരന്തരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് ഷിയാസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി വിമർശനം ഉന്നയിച്ചത്.
പ്രതിഷേധത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. അതിന് കേസ് എടുക്കരുതെന്ന് പറയാന്‍ കഴിയുമോ? സമ്മതമില്ലാതെയല്ലേ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു. എന്നാല്‍ ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍ എന്ന നിലയ്ക്കാണ് ജനങ്ങള്‍ക്കൊപ്പം പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്ന് ഷിയാസ് കോടതിയെ അറിയിച്ചു. വൈകാരികവും സ്വാഭാവികവുമായ പ്രതിഷേധമാണ് കോതമംഗലത്തുണ്ടായത്. എന്നാല്‍ പൊലീസ് വൈരാഗ്യത്തോടെ പെരുമാറുകയാണ്. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഫലമാണെന്ന് സംശയിക്കുന്നതായും ഷിയാസ് പറഞ്ഞു.
തനിക്കെതിരെ 4 കേസുകള്‍ പൊലീസ് എടുത്തിട്ടുണ്ടെന്ന് ഷിയാസ് കോടതിയില്‍ പറഞ്ഞു. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണണിക്കും.