മദ്യം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് മധ്യവയസ്‌കനെ പറഞ്ഞു വിട്ടത് മദ്യവിരുദ്ധ സമിതി ചെയർമാന്‍റെ വീട്ടിലേക്ക്. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ചെയർമാന്റെ കാലും തല്ലിയൊടിച്ചു. പ്രതിയായ മധ്യവയസ്‌കൻ അറസ്റ്റിലുമായി. തുവ്വൂർ അക്കരക്കുളം സ്വദേശി മധുസൂദനനെ (52) യാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തുവ്വൂർ കോട്ടക്കുന്ന് കള്ളുഷാപ്പ് വിരുദ്ധ സമരസമിതി ചെയർമാൻ പി പി വിൽസണാണ് മർദനമേറ്റത്. വീട്ടിൽക്കയറി ആക്രമിച്ച് കാൽ തല്ലിയൊടിച്ചതിനാണ് കേസ്. ഭാര്യയെയും മക്കളെയും പ്രതി ഉപദ്രവിച്ചിട്ടുമുണ്ട്.
ആരോ തെറ്റിദ്ധരിപ്പിച്ച് ഇയാളെ വിൽസണിന്റെ വീട്ടിലെത്തിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. മദ്യം കിട്ടുമെന്നു പറഞ്ഞായിരുന്നു ഇത്. മധുസൂദനൻ വിൽസണിന്റെ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ടു. കിട്ടാതായതോടെ പ്രകോപിതനായി. തുടർന്നായിരുന്നു അക്രമമെന്ന് പൊലീസ് പറയുന്നു. കരുവാരക്കുണ്ട് എസ് ഐ കെ എസ്. സുബിന്ദും സംഘവുമാണ് മധുസൂദനനെ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു അക്രമം. ഇവിടെ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേ 44 ദിവസമായി ഇവിടെ സമരം നടക്കുന്നുണ്ട്.
ഇതു ഷാപ്പ് തുറക്കുന്നതിന് തടസ്സമായിരിക്കുകയാണ്. ശനിയാഴ്ച രാത്രി സമരപ്പന്തലിലുള്ളവർ പിരിഞ്ഞുപോയശേഷം വിൽസണും ഭാര്യയും മക്കളും വീട്ടിലുള്ളപ്പോഴാണ് അക്രമം നടന്നത്. സ്‌കൂട്ടറിലെത്തിയ മധുസൂദനൻ വിൽസണെ അടിക്കുകയും തള്ളി നിലത്തിടുകയും ചെയ്തു. വീടിന്റെ ജനൽച്ചില്ലുകൾ തകർത്തു. ഉപകരണങ്ങൾ നശിപ്പിച്ചു. കാലുപൊട്ടിയ വിൽസണെയും ആക്രമണത്തിനിരയായ ഭാര്യയെയും പരിക്കേറ്റ മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സമര സമിതി ചെയർമാനെ മർദിച്ച സംഭവത്തോടെ സമരം ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. സർവകക്ഷിയിൽ ഉൾപ്പെട്ടവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ആടുഫാമിനായി പഞ്ചായത്ത് ലൈസൻസ് തരപ്പെടുത്തിയ കെട്ടിടത്തിലാണ് കള്ളു ഷാപ്പ് തുറക്കാനുള്ള ശ്രമം നടന്നത്. പ്രദേശവാസികൾ സമിതി രൂപവത്കരിച്ച് കുത്തിയിരിപ്പ് തുടങ്ങിയതോടെ ഷാപ്പ് തുറക്കാൻ കഴിയാതെ വരികയായിരുന്നു.