യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട അസമിലെ കാസിരംഗ ദേശീയോദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാസിരംഗയിൽ പ്രധാനമന്ത്രി ഇതാദ്യമായാണ് സന്ദർശനം നടത്തുന്നത്. സെൻട്രൽ കൊഹോറ റേഞ്ചിലെ മിഹിമുഖ് പ്രദേശത്ത് ഇന്നലെ രാവിലെ അദ്ദേഹം എലഫന്റ് സഫാരി നടത്തി. ഉദ്യാനത്തിലൂടെ ജീപ്പ് സവാരിയും നടത്തി. പാർക്ക് ഡയറക്ടർ സൊനാലി ഘോഷും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി ആനപ്പുറത്തും ജീപ്പിലും സവാരി നടത്തിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. രണ്ട് ദിവസത്തെ അസം സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ടാണ് നരേന്ദ്രമോദി കാസിരംഗ ദേശീയോദ്യാനത്തിലെത്തിയത്. ഇവിടെ നിന്ന് ജോഹർട്ട് ജില്ലയിലെ മെലംഗ് മെതെലി പോത്തറിലേക്കുപോകുന്ന പ്രധാനമന്ത്രി 18,000 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതി ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചതിന് ശേഷം പൊതുസമ്മേളനത്തിലും പങ്കെടുക്കും.