ടെസ്റ്റ് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചരിത്ര തീരുമാനം നടപ്പിലാക്കി ബിസിസിഐ. ടെസ്റ്റ് കളിക്കുന്ന താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്ന ‘ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം’ എന്ന പദ്ധതിക്കാണ് ബിസിസിഐ തുടക്കമിട്ടിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായ താരങ്ങള്‍ക്കും ആനൂകൂല്യം ലഭിക്കും. നിലവില്‍ ഒരു സീസണില്‍ 10 രഞ്ജി ട്രോഫി മത്സരവും കളിക്കുന്ന ഒരു കളിക്കാരന് പരമാവധി 25 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക.
ഐപിഎല്‍ ടീമിലെത്തുന്ന ഒരു കളിക്കാരന് അടിസ്ഥാന വിലയായിപോലും 20 ലക്ഷം ലഭിക്കും. മാത്രമല്ല പലതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ജനുവരി മുതലെ ഐപിഎല്ലിനായി ഒരുക്കം തുടങ്ങുന്നു. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകള്‍ തന്നെ ഇല്ലാതാവാന്‍ കാരണമാകുമെന്ന തിരിച്ചറിവിലാണ് ബിസിസിഐയുടെ പുതിയ നീക്കം. പദ്ധതി പ്രകാരം ഇന്ത്യയ്ക്കായി ഒരു സീസണില്‍ 75 ശതമാനത്തിലധികം ടെസ്റ്റുകള്‍ കളിക്കുന്ന കളിക്കാര്‍ക്ക് ഒരു ടെസ്റ്റ് മത്സരത്തിന് 45 ലക്ഷം രൂപ അധികമായി ലഭിക്കും. പ്ലെയിംഗ് ഇലവനില്‍ ഇല്ലാത്തവര്‍ക്കും ഒരു മത്സരത്തിന് 22.5 ലക്ഷം രൂപ അധിക മാച്ച് ഫീ ആയി ലഭിക്കും.
ഈ സീസണ്‍ മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നു. പദ്ധതിക്കായി ഓരോ സീസണിലും 40 കോടി രൂപ അധികമായി ബിസിസിഐ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞതിങ്ങനെ… ”ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം പ്രഖ്യാപനത്തില്‍ ഏറെ സന്തോഷമുണ്ട്. 2022-23 സീസണില്‍ തന്നെ പദ്ധതി ആരംഭിക്കും.” അദ്ദേഹം കുറിച്ചിട്ടു.
ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്ക്, പ്രത്യേകിച്ച് രഞ്ജി ട്രോഫിക്ക് മുന്‍ഗണന നല്‍കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ കരാര്‍ കളിക്കാരോട് ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. അടുത്തിടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു.